മൂലമറ്റം: മൂന്നിങ്കവയലിൽ എടാട് ജംഗ്‌ഷന്‌ സമീപം സ്വകാര്യ വ്യക്തി പാറ പൊട്ടിച്ച് കടത്താനുള്ള നീക്കം അധികൃതർ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ബിജു എന്നയാളുടെ പുരയിടത്തിൽ നിന്ന് പാറ പൊട്ടിച്ച് മറ്റൊരു വ്യക്തിയുടെ നിർമ്മാണ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമം നടന്നത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ഇലപ്പള്ളി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി ജോലികൾ നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകി. പാറ പൊട്ടിക്കുന്ന സ്ഥലത്തേക്ക് കംപ്രസർ വാഹനവും ലോറിയും കടന്നു പോയപ്പോൾ റോഡ് തകർന്നെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്നിരുന്നു. വില്ലേജ് ഓഫീസർ അറിയിച്ചതനുസരിച്ച് കാഞ്ഞാർ എസ്.ഐ സിനോദും സംഘവും സ്ഥലത്തെത്തുകയും വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ച നടത്തിയതിനെ തുടർന്ന് റോഡ് നന്നാക്കി കൊടുക്കാൻ തീരുമാനമായി.