തൊടുപുഴ: കേരളത്തെ അട്ടിമറിക്കാനുള്ള ആർ.എസ്.എസ് അജണ്ട പൊളിഞ്ഞതിലുള്ള ജാള്യത മറയ്ക്കാനാണ് സംഘപരിവാർ ആക്രമണം നടത്തുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആർ.എസ്.എസ് നടത്തുന്ന വർഗീയകലാപത്തിന് സഹായം ചെയ്യുന്ന ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. സുപ്രീം കോടതി വിധി സ്വാഗതം ചെയ്തവരാണ് കാവിക്കൊടിയുമായി മറുകണ്ടം ചാടിയത്. ഇന്ത്യയിൽ ആദ്യമായി നവോത്ഥാന മുദ്രാവാക്യമുയർത്തിയ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്റെ പിൻഗാമികളായ കേരള നേതാക്കൾ ചെയ്യുന്നത് ശരിയാണോ എന്ന അവർതന്നെ പരിശോധിക്കണം. സ്വന്തം അണികളെ കൊടി ഉപേക്ഷിച്ച് മറ്റൊരു പാടിയുടെ സമരത്തിൽ പങ്കെടുപ്പിച്ച മറ്റ് രാഷ്ട്രീയ പാർടികൾ ഇന്ത്യയിൽ കാണാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ മൈതാനയിൽ നടന്ന യോഗത്തിൽ എൽ.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ വി.വി. മത്തായി അദ്ധ്യക്ഷനായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ, സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമദ് ഫൈസൽ, ടി.ആർ. സോമൻ, എൻ.വി. വർക്കി, കെ.എം. അബ്ദുൾ കരിം, ഷാജി തെങ്ങുംപിള്ളിൽ, പി.ടി. അനിൽകുമാർ, പോൾസൺ മാത്യു, കെ എം ജബ്ബാർ, ജയകൃഷ്ണൻ, ഡി അജിത്കുമാർ, കെ.എൽ. ജോസഫ്, പി.കെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി സ്വാഗതം പറഞ്ഞു. ഉടുമ്പന്നൂരിൽ നൂറുകണക്കിനാളുകൾ പ്രകടനത്തിൽ പങ്കെടുത്തു. ടൗണിൽ ചേർന്ന പ്രതിഷേധ യോഗം എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. പി.ജെ. ഉലഹന്നൻ അദ്ധ്യക്ഷനായി. സി.പി.എം കരിമണ്ണൂർ ഏരിയാ സെക്രട്ടറി എൻ. സദാനന്ദൻ, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. ജോർജ് കുട്ടി, ലോക് താന്ത്രിക് ജനതാദൾ മണ്ഡലം പ്രസിഡന്റ് എ.വി. ഖാലിദ് എന്നിവർ സംസാരിച്ചു. എം. ലതീഷ് സ്വാഗതവും ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമേഷ് നന്ദിയും പറഞ്ഞു.