പീരുമേട്: പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുലേഖ രാജി വെച്ചു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യതയാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് രാജി. ഇന്നലെ വൈകിട്ട് 4.50ന് പഞ്ചായത്ത് സെക്രട്ടറി കെ.ടി. ഷാജിയ്ക്കാണ് രാജി കൈമാറിയത്. പഞ്ചായത്തിലെ കല്ലാർ വാർഡിനെ പ്രതിനിധീകരിച്ച് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ചാണ് സുലേഖ ഭരണ സമിതിയിലെത്തിയത്. പട്ടികജാതി വനിതാ സംവരണമായിരുന്ന പീരുമേട് പഞ്ചായത്തിൽ സുലേഖ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2017 ഡിസംബർ മാസം കോൺഗ്രസിൽ നിന്നും കൂറുമാറി എൽ.ഡി.എഫ് സഹായത്തോടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമനടപടി വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സുലേഖയുടെ രാജി സി.പി.എം തന്ത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന. ഈ വാർഡിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിറുത്തി വിജയിപ്പിച്ച് ഭരണം പിടിക്കാനാണ് സി.പി.എം ശ്രമമെന്നാണ് സൂചന. 17 അംഗങ്ങളുള്ള പീരുമേട് പഞ്ചായത്തിൽ യു.ഡി.എഫ്- 9 എൽ.ഡി.എഫ്- 7, എ.ഐ.ഡി.എം.കെ-1 എന്നിങ്ങനെയായിരുന്നു കക്ഷി നില.