തൊടുപുഴ: നഗരത്തിൽ കുത്തിപ്പൊളിച്ച റോഡുകൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡിലെ പൊടിശല്യം കാരണം കടകളിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കേടാവുകയും ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങാൻ മടിക്കുകയും ചെയ്യുന്നെന്നാണ് വ്യാപാരികളുടെ പ്രധാന പരാതി. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും മറ്റുമായി ഭൂരിപക്ഷം റോഡുകളും കുത്തിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. മൊബൈൽ, ഇന്റർനെറ്റ് സേവനദാതാക്കളുടെ കേബിൾ ശൃംഖല സ്ഥാപിക്കുന്ന ജോലികളും ഇതിനിടെ നടക്കുന്നുണ്ട്. എല്ലാത്തിനും പുറമെ നഗരത്തിലെ മിക്കഭാഗത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇതിന് കാരണം. മാർക്കറ്റ് റോഡിലും കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപത്തുമാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചിരിക്കുന്നത്. പൊടിശല്യം കാരണം ഹോട്ടൽ, ബേക്കറി, കൂൾബാർ തുടങ്ങിയ ഭക്ഷണ- പാനീയ ശാലകളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. കാറ്റടിച്ച് പൊടിപടലങ്ങൾ സ്ഥാപനത്തിലുള്ളിലേക്ക് ഇരച്ചുകയറുന്നത് കാരണം കച്ചവടക്കാർക്കുപോലും ഇരിക്കാനാകുന്നില്ല. നിലവിലെ സാഹചര്യത്തിൽ റോഡ് ടാർ ചെയ്യുന്നതിന് കാലതാസമുണ്ടാകുമെന്നാണ് സൂചന. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാപാര ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്നവരുടെ വാഹനങ്ങൾ പലസ്ഥലത്തും കടകൾക്ക് സമീപം പാർക്ക് ചെയ്യാനും ബുദ്ധിമുട്ടുണ്ട്. ഇതുമൂലം കച്ചവടത്തിൽ കുറവുണ്ടായെന്നും വ്യാപാരികൾ പറയുന്നു. അടിക്കടിയുള്ള ഹർത്താലും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം വ്യാപാരമേഖല ആകെ ദുരിതത്തിലാണ്. അതിനിടെ കട തുറക്കുന്ന ദിവസം പൊടിശല്യം കൂടിയാകുമ്പോൾ ആകെ പ്രതിസന്ധിയിലാകും. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ സമരം ചെയ്യാൻ നിർബന്ധിതരാകുമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അജീവ് അറിയിച്ചു.