ഇടുക്കി: വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പരിസരവാസികളെ വിലക്കുന്ന കുമളി- തേക്കടി റോഡിൽ വനംവകുപ്പ് വാഹനങ്ങളുടെ മരണപ്പാച്ചിൽ. വനംവകുപ്പിന് പുറമെ കെ.ടി.ഡി.സി, മറ്റ് സർക്കാർ വകുപ്പുകൾ, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട തമിഴ്നാട് സർക്കാർ സ്ഥാപനങ്ങൾ, ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ചെക്പോസ്റ്റിനപ്പുറം വാഹനവുമായി പ്രവേശനമുള്ളത്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കുമളി ആനവച്ചാലിൽ പാർക്ക് ചെയ്തശേഷം വനംവകുപ്പിന്റെ ബസിൽ ആളുകളെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. വന്യജീവികളുടെയും സഞ്ചാരികളുടെയും സുരക്ഷ പരിഗണിച്ചും ദേശിയ കടുവസംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശം പാലിച്ചുമാണ് ഈ നിയന്ത്രണം. എന്നാൽ വനംവകുപ്പ് വാഹനങ്ങൾക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് കര്യാങ്ങൾ. മറ്റ് വാഹനങ്ങൾ ഇല്ലാത്തതുകൊണ്ട് തിരക്ക് കുറവായ റോഡിൽ വനംവകുപ്പിന്റെ മരണപ്പാച്ചിലാണ്. ഇന്നലെ തേക്കടിയിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന വനംവകുപ്പ് വാഹനം റോഡ് നിയമം ലംഘിച്ച് അമിതവേഗത്തിലത്തി എതിരെ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു. കെ.ഡി.ഡി.സി ജീവനക്കാരൻ യാത്രചെയ്ത കാറാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപത്തായിരുന്നു അപകടം. ബസ് പൂർണമായും ദിശമാറിയാണ് വന്നത്. ഇതുമൂലം വെട്ടിച്ചുമാറ്റാൻ പോലുമാകാതെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പകൽ സമയത്തുപോലും വന്യജീവികൾ റോഡ് മുറിച്ചുകടക്കുന്ന സ്ഥലമായതുകൊണ്ട് ഇവിടെ വാഹനങ്ങളുടെ വേഗതയ്ക്ക് കർശന നിയന്ത്രണമുള്ളതാണ്. അതിനുവേണ്ടി നിരവധി ഹമ്പുകളും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് വനംവകുപ്പ് വാഹനങ്ങൾ ചീറിപ്പായുന്നത്. പലപ്പോഴും വനംവകുപ്പ് വാഹനം തട്ടി ചെറുജീവികൾ ചാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇതേ കുറിച്ച് പരാതിപ്പെട്ടാൽ പോലും നടപടി എടുക്കാറില്ല. തേക്കടിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ വനംവകുപ്പ് വാഹനം ഓടിക്കുന്ന പലർക്കും മതിയായ യോഗ്യത ഇല്ലാത്തവരാണെന്നും ആക്ഷേപമുണ്ട്.