ചപ്പാത്ത്: മാട്ടുക്കട്ടയിൽ യൂണിയൻ ബാങ്ക് എ.ടി.എം കൗണ്ടർ പ്രവർത്തിക്കാത്തത് ഇടപാടുകാർക്കും ജീവനക്കാർക്കും ഒരു പോലെ തലവേദനയാകുന്നു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാർഡുകൾ കാലാവധി കഴിഞ്ഞതിനാൽ പുതുക്കി നൽകിയിട്ടുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്ത് പണം എടുക്കാൻ കഴിയാത്തത് ഇടപാടുകാരെയും ചെറിയ ഇടപാടുകൾക്കുപോലും ബാങ്കിലേക്ക് നേരിട്ട് എത്തുന്നത് ജീവനക്കാരെയും വിഷമിപ്പിക്കുകയാണ്. പുതിയ കാർഡുകളുടെ പിൻ നമ്പർ ലഭിക്കാൻ എ.ടി.എം കൗണ്ടറിനെയാണ് ആശ്രയിക്കേണ്ടത്. 25,000 രൂപവരെ പിൻവലിക്കുന്നതിന് എ.ടി.എം ഉപയോഗിക്കണമെന്നാണ് ബാങ്ക് അധികൃതർ നിർദ്ദേശിക്കുന്നത്. എന്നാൽ മെഷീൻ പ്രവർത്തിക്കാതായതോടെ സാമൂഹ്യസുരക്ഷ പെൻഷൻ ഉൾപ്പെടെയുള്ള ചെറുകിട ഇടപാടുകാർപോലും ബാങ്ക് കൗണ്ടറിൽ നിന്ന് നേരിട്ട് എത്തുന്നത് വലിയ തിരക്കിന് കാരണമാകുന്നു. മാട്ടുക്കട്ട കഴിഞ്ഞാൽ കിലോമീറ്ററുകൾ അകലെ കട്ടപ്പനയിലാണ് യൂണിയൻ ബാങ്കിന് എ.ടി.എം കൗണ്ടറുള്ളത്. തുച്ഛമായ പെൻഷൻതുക ലഭിക്കാൻ കട്ടപ്പനവരെ യാത്രചെയ്യുക എന്നത് പലർക്കും ബുദ്ധിമുട്ടാണ്. വണ്ടികൂലിയും സമയവും മാത്രമല്ല, ആരോഗ്യപ്രശ്നവും പലരെയും അലട്ടുന്നു. അതുകൊണ്ട് അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.