അടിമാലി: സ്വകാര്യ- സർക്കാർ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് അടിമാലി എം.ഇ. മീരാൻ മെമ്മോറിയൽ ട്രെയിനിംഗ് സെന്ററിൽ നടക്കും. രാവിലെ 9.30ന് ശാസ്ത്ര പഠന ക്ലാസോടെ സമ്മേളനത്തിന് തുടക്കമാകും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി. വർഗീസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ജോയ്സ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കവിയും മാധ്യമ പ്രവർത്തകനുമായ ആന്റണി മുനിയറ മുഖ്യാതിഥിയാകും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ മാദ്ധ്യമ പുരസ്‌ക്കാരം മാതൃഭൂമി ലേഖകൻ രാജേഷ് കെ കൃഷ്ണന് സമ്മാനിക്കും. ആയുർവേദ സംബന്ധിയായ ഇടുക്കിയിലെ വാർത്തകളും ഫീച്ചറുകളും റിപ്പോർട്ട് ചെയ്തത് പരിഗണിച്ചാണ് പുരസ്‌കാരം. അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റെൻസ് പി. വർഗീസ്, ജില്ലാ സെക്രട്ടറി എം.എസ്. നൗഷാദ്, ജില്ലാ ട്രഷർ ശ്രീജിത് ശിവൻ, ജോർജ്ജ് പൗലോസ് എന്നിവർ പങ്കെടുത്തു.