purappuazha
ഓട്ടോറിക്ഷ തൊഴിലാളികളായ ഷാജിയും മോഹനനും കൊയ്ത്തുപാടത്ത്.

തൊടുപുഴ: സവാരിയില്ലാത്ത സമയം നെൽകൃഷിക്ക് വേണ്ടി മാറ്റിവച്ച ആട്ടോറിക്ഷ തൊഴിലാളികൾ പുറപ്പുഴയുടെ താരങ്ങളായി. കരോട്ടേടം ഷാജിയും ആലയ്ക്കൽ മോഹനനുമാണ് തരിശുപാടത്ത് വിത്തിറക്കി നൂറുമേനി കൊയ്ത് മാതൃകയായത്. 25 വർഷമായി തരിശുകിടന്ന പുത്തൻപുര മാളിക പാടത്താണ് പച്ചപ്പിന്റെ പുതുനാമ്പുകൾ മുളപ്പിച്ച് ഇവർ നെൽമണികൾ കൊയ്തുകൂട്ടിയത്. പുറപ്പുഴ എൽ.പി സ്‌കൂൾ ജംഗ്ഷനിലെ ഡ്രൈവർമാരാണ് ഇരുവരും. അടിക്കടിയുള്ള ഹർത്താലും മറ്റ് പ്രതിസന്ധികളും ആട്ടോറിക്ഷ ഓടികിട്ടുന്ന വരുമാനം കുറച്ചപ്പോഴാണ് പുതിയ വഴികൂടി തേടാൻ ഇവരെ പ്രേരിപ്പിച്ചത്. നെൽകൃഷിയുടെ സാധ്യതകർ പരിശോധിച്ചപ്പോൾ ആഹാരത്തിനുള്ള വകയായതുകൊണ്ട് കൂടുതലൊന്നും ആലോചിച്ചില്ല. ആട്ടോ സ്റ്റാൻഡിന് സമീപത്ത് തന്നെ തരിശുകിടന്ന ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്തു. സവാരിയില്ലാത്ത സമയങ്ങളിൽ രണ്ട് പേരും ആയുധമെടുത്ത് പാടത്തേക്ക് ഇറങ്ങി. പുറപ്പുഴ കൃഷി ഭവനും പഞ്ചായത്തും സാങ്കേതിക സഹായവും പ്രോത്സാഹനവും നൽകിയതോടെ കാര്യങ്ങൾ കൂടുതൽ ഉഷാറായി. 42,000 രൂപ മുതൽ മുടക്കിയാണ് കൃഷി ഇറക്കിയത്. വിളവ് എടുത്തപ്പോൾ 145 പറയോളം നെല്ല് കിട്ടി. തരിശുപാടം പാകപ്പെടുത്താനും മറ്റും കൂടുതൽ അദ്ധ്വാനവും പണച്ചെലവും വേണ്ടിവന്നതാണ് ആദ്യവർഷം മുതൽമുടക്ക് ഇത്രയുമായത്. വരും വർഷങ്ങളിൽ ചെലവ് കുറയുന്നതിനൊപ്പം വരവ് കൂടുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഓട്ടമില്ലാത്ത സമയത്ത് വെറുതെയിരുന്ന് സൊറ പറഞ്ഞും സ്വപ്നംകണ്ടും പാഴാക്കുമായിരുന്ന സമയം ക്രിയാത്മകമായി വിനിയോഗിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് രണ്ടുപേരും.

ആട്ടോ തൊഴിലാളികളുടെ വിളവെടുപ്പ് കാണാൻ നൂറ് കണക്കിന് നാട്ടുകാരും സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ജനപ്രതിനിധികളും പാടത്ത് എത്തിയിരുന്നു. കൂടുതൽ ആളുകൾ ഈ നെൽകൃഷി രംഗത്തേക്ക് കടന്ന് വരണമെന്നും തരിശുപാടങ്ങളെല്ലാം പ്രയോജനപ്പെടുത്തണമെന്നുമാണ് കാഴ്ചകാണാൻ എത്തിയവരോട് ഷാജിക്കും മോഹനനും പറയാനുള്ളത്. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലം ഏറ്റെടത്ത് കൃഷി വിപുലമാക്കുമെന്നും ഇവർ പറഞ്ഞു.