medical-college
ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു

രാജാക്കാട്: സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് നാനൂറ് കോടി രൂപ ചെലവിൽ ഉടുമ്പൻചോലയിൽ സ്ഥാപിയ്ക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഉടുമ്പൻചോലയിൽ പുതിയതായി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ തുക നീക്കിവെയ്ക്കാൻ സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മാട്ടുത്താവളത്തിന് സമീപം 25 ഏക്കറിലാണ് മെഡിക്കൽ കോളേജ് നിർമിക്കുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശൻ സ്വാഗതം ആശംസിച്ചു. ലാബുകളുടെ ഉദ്ഘാടനം ജോയിസ് ജോർജ്ജ് എം.പിയും പ്രതിരോധ കുത്തിവയ്പ് മുറിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹൻ, മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട്, എം.ഡി ബിനു തുടങ്ങിയവർ പങ്കെടുത്തു. ഉടുമ്പൻചോലയിൽ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയായിരുന്നു. എം.എൽ.എയായിരുന്ന കെ.കെ. ജയചന്ദ്രൻ, മന്ത്രി എം.എം. മണി എന്നിവരുടെ ഫണ്ടും പഞ്ചായത്ത്, എൻ.എച്ച്.എം ഫണ്ടുകളും ഉൾപ്പെടെ രണ്ട് കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ചിരിക്കുന്നത്. രോഗീസൗഹൃദ ഔട്ട് പേഷ്യന്റ് വിഭാഗം, രോഗീ പരിശോധന, ലാബോറട്ടറി, നിരീക്ഷണ മുറികൾ, ആധുനിക ഫാർമസി, ഇ.സി.ജി സൗകര്യം, ആശ്വാസം ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്പ് മുറി, മുലയൂട്ടൽ മുറി, ശുചിമുറികൾ, ടെലിവിഷൻ, കുടിവെള്ള സൗകര്യം എന്നിവ പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നേഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യൻ, ഒരു ഫാർമസിസ്റ്റ് എന്നീ തസ്തികകൾ അനുവദിക്കുകയും ഇവർ ചുമതലയേൽക്കുകയും ചെയ്തിട്ടുണ്ട്.

പ്രതീക്ഷയേകി നിർദ്ദിഷ്ട ആയുർവേദ മെഡിക്കൽ കോളേജ്

ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം ബുദ്ധിമുട്ടനുഭവിയ്ക്കുന്ന മലയോര ജനതയ്ക്ക് മാട്ടുത്താവളത്തെ നിർദ്ധിഷ്ട ആയുർവേദ മെഡിക്കൽ കോളേജ് പ്രതീക്ഷയേകുന്നു. തോട്ടം തൊഴിലാളികൾക്കും സാധാരണക്കാർക്കും ഇത് ഗുണം ചെയ്യും. ആരോഗ്യ പരിരക്ഷയിൽ നിർണായക പങ്കുവഹിയ്ക്കുന്നതിനും അവികസിത മേഖലയുടെ സമഗ്ര വികസനത്തിനും സ്ഥാപനം വഴിയൊരുക്കും. അതിർത്തി പ്രദേശത്തായതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ള രോഗികൾക്കും പ്രയോജനം ലഭിക്കും. നിലവിൽ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ എന്നിവിടങ്ങളിലാണ് സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകളുള്ളത്.

സ്ഥലം സന്ദർശിച്ചു

മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം ഉടുമ്പൻചോല മാട്ടുതാവളത്ത് ആരംഭിക്കുന്ന നിർദ്ദിഷ്ട ആയുർവേദ കോളേജിന്റെ സ്ഥലം സന്ദർശിച്ചു. മന്ത്രി എം.എം. മണി, ജോയ്‌സ് ജോർജ് എം.പി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്ഥലം ആയുർവേദ കോളേജിന് ഏറ്റവും അനുയോജ്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.