ഇടുക്കി: മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അവലോകനം ചെയ്തു. അക്കാദമിക്, ആശുപത്രി ബ്ലോക്കുകളിലെയും അനുബന്ധ നിർമ്മാണ ജോലികളും വേഗത്തിൽ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും മന്ത്രി നിർദ്ദേശം നൽകി. ഇടുക്കി മെഡിക്കൽ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ സമർപ്പിക്കേണ്ട രേഖകൾ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിക്കണമെന്ന് പ്രിൻസിപ്പലിന് മന്ത്രി കർശന നിർദ്ദേശം നൽകി. ട്രൈബൽ ഹോസ്റ്റലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് പട്ടികവർഗ വകുപ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഇടുക്കി മെഡിക്കൽ കോളേജിലെ പശ്ചാത്തല സൗകര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഈ വർഷം തന്നെ പ്രവേശനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി അറിയിച്ചു. അവലോകന യോഗത്തിൽ മന്ത്രി എം.എം മണി, ജോയ്‌സ് ജോർജ്ജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാകളക്ടർ കെ. ജീവൻബാബു, പ്രിൻസിപ്പൽ ഡോ. പി.പി. മോഹനൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ജോർജ്ജ് വട്ടപ്പാറ, സി.വി. വർഗീസ്, സിവിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങൾക്ക് കൂട്ടായി പ്രവർത്തിക്കണം: മന്ത്രി

രോഗീ സൗഹൃദ ആരോഗ്യകേന്ദ്രമാക്കുക, നൂതന സംവിധാനം നടപ്പിലാക്കുക, മിതമായ നിരക്കിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി സർക്കാർ നടപ്പിലാക്കുന്ന ആർദ്രം മിഷൻ പദ്ധതി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവർത്തിച്ച് നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആദ്യഘട്ടത്തിൽ 170 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനമാണ് സംസ്ഥാനതലത്തിൽ നടന്നുവരുന്നത്. രണ്ടരക്കോടി രൂപ ചെലവിൽ നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിവരുന്നുണ്ട്. ആധുനിക രീതിയിലുള്ള എക്‌സാമിനേഷൻ മുറികൾ, പരിസരത്ത് ഉദ്യാനം, രോഗികളുടെ കൂടെ വരുന്ന കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, ടി.വി കാണാനുള്ള സൗകര്യം, കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്, മികച്ച ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയ നൂതന സംവിധാനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമ്പോൾ നടപ്പിലാക്കുന്നത്. ഇതിനോടനുബന്ധിച്ച് ആരോഗ്യകേന്ദ്രങ്ങളിൽ ഒമ്പത് ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കുന്നത്. രണ്ടാംഘട്ടത്തിൽ സി.എച്ച്.സി, താലൂക്ക് , ജനറൽ ആശുപത്രികൾ, പാലയേറ്റീവ്, ഡയാലിസിസ് യൂണിറ്റുകൾ അടക്കം നൂതന സംവിധാനങ്ങൾ കൊണ്ടുവരും. മൂന്നാംഘട്ടത്തിൽ മെഡിക്കൽകോളേജ് വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ അനുവദിച്ച 25 സി.എച്ച്.സികളിൽ ഇനി പൂർത്തിയാകാനുള്ള 23 സി.എച്ച്.സികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.