തൊടുപുഴ: 8, 9 തീയതികളിൽ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന പൊതുപണിമുടക്ക് ഹർത്താലാക്കി മാറ്റരുതെന്ന് തൊടുപുഴയിൽ ചേർന്ന ഹർത്താൽ വിരുദ്ധ ആലോചന യോഗം അഭ്യർത്ഥിച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറക്കാനും വാഹനങ്ങൾ നിരത്തിലിറക്കാനും താത്പര്യമുള്ളവരെ അനുവദിക്കണം. ഇതിനു സർക്കാർ സംവിധാനങ്ങൾ സംരക്ഷണം നൽകാൻ തയ്യാറാകണം. വിപുലമായ ജില്ലാതല ഹർത്താൽവിരുദ്ധ കൺവെൻഷൻ ഫെബ്രുവരി രണ്ടിന് തൊടുപുഴയിൽ നടത്തും. സംസ്ഥാനതലത്തിലുള്ള ഹർത്താൽവിരുദ്ധ സംഘടനാ നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. തൊടുപുഴ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നാവൂർകനി അദ്ധ്യക്ഷത വഹിച്ചു. ഹർത്താൽവിരുദ്ധ പ്രമേയം പി.എം. മാനുവൽ അവതരിപ്പിച്ചു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളായ കെ.കെ. തോമസ്, എം.എൻ. ബാബു, വേണു ഇ.എ.പി, കെ. വിജയൻ, എം.എസ്. മുഹമ്മദ്, കെ.എം.എ ഷുക്കൂർ, എം.സി. മാത്യു എന്നിവർ സംസാരിച്ചു.