അറക്കുളം: അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കാലാവധി കഴിഞ്ഞിട്ടും രാജി വയ്ക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് മെമ്പർമാർ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്ത് രണ്ടര വർഷം കേരള കോൺഗ്രസ് എമ്മിനും രണ്ടര വർഷം കോൺഗ്രസിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും പ്രസിഡന്റ് രാജി വയ്ക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് ഏകോപന സമതിയും കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണിയും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ടോം ജോസിനോട് രാജി ആവശ്യപ്പെട്ടിട്ടും ടോം ജോസ് വഴങ്ങിയില്ല. തുടർന്ന് യു.ഡി.എഫ് നേത്യത്വത്തിന്റെ അനുമതിയോടെയാണ് അംഗങ്ങൾ അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. കോൺഗ്രസ് 3, കേരളകോൺഗ്രസ് 3, യു.ഡി.ഫ് സ്വതന്ത്രൻ 1, സി.പി.എം 4, ബി.ജെ.പി 2, ഇടതുപക്ഷ കർഷക സമതി സ്വതന്ത്രൻ 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില. 15 അംഗ ഭരണ സമതിയുള്ളതിൽ അഞ്ച് പേരെങ്കിലുമൊപ്പിടണം അവിശ്വാസം നൽകാൻ. ഇതനുസരിച്ച് കോൺഗ്രസിലെ ടോമി വാളികുളം, ശ്രീകലാ ഗോപി, ഉഷ ഗോപിനാഥ്, കേരള കോൺഗ്രസിലെ സെലീൻ മാനുവൽ, നിരോഷ അനീഷ്, എ.ഡി. മാത്യു എന്നിവർ ചേർന്നാണ് ഒപ്പിട്ടത്. ഇടുക്കി ബ്ലോക്ക് ഓഫീസർ മുമ്പാകെയാണ് അവിശ്വാസം നൽകിയിരിക്കുന്നത്. അവിശ്വാസം നൽകിയാലും താൻ രാജി വയ്ക്കില്ലെന്ന നിലപാടിലാണ് പ്രസിഡന്റ്. അവിശ്വാസത്തിന് ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ കേരള കോൺഗ്രസ് പ്രവർത്തകരുടെ ഒരു യോഗം ടോം ജോസ് വിളിച്ചു ചേർത്തതായും ഇതിൽ മണ്ഡലം പ്രസിഡന്റിനെയും ഭൂരിഭാഗം പ്രവർത്തകരെയും പങ്കെടുപ്പിച്ചില്ലെന്നും പ്രസിഡന്റ് എ.ഡി. മാത്യു പറഞ്ഞു. എ.ഡി. മാത്യുവിനെ ഒഴിവാക്കി പുതിയ കമ്മിറ്റിക്ക് രൂപം കൊടുത്തതായി ടോം ജോസ് കുന്നേൽ പറഞ്ഞു. തങ്ങളുടെ അറിവോടെയല്ല കമ്മിറ്റി കൂടിയതെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു.