മറയൂർ: മറയൂർ ചന്ദനക്കാടുകളിൽ നിന്ന് സ്ഥിരമായി ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ കേസിൽ വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ മൂന്ന് വാച്ചർമാർ അറസ്റ്റിലായി. കാന്തല്ലൂർ ഫോറസ്റ്റ് റെയിഞ്ചിലെ വാച്ചർമാരായ കാന്തല്ലൂർ ഗുഹനാഥപുരം സ്വദേശി പരമശിവം (61), കൂണ്ടിയാം പള്ളം സ്വദേശി ചെല്ലദുര(54), കണക്കായം സ്വദേശ് മുരുകൻ (42), കൊട്ടാപള്ളം കുടിയിലെ ബാബു(56) എന്നിവരാണ് പിടിയിലായത്. ചെത്തിമിനുക്കിയ ചന്ദന തടികൾ കടത്തികൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ രണ്ട് മാസങ്ങൾക്ക് മുമ്പ് ചിന്നാർ വന്യജീവി വകുപ്പിന്റെ അതിർത്തി ചെക്പോസ്റ്റിൽ 70 കിലോ ഗ്രാം ചന്ദനവുമായി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിയിലായിരുന്നു. ഈ സംഘത്തിന് ചന്ദനത്തടികൾ എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ചന്ദന സംരക്ഷണ ജോലിയിൽ ഏർപ്പെട്ടിരുന്ന വാച്ചറുടെ പങ്ക് വ്യക്തമായതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരും വർഷങ്ങളായി ചന്ദന സംരക്ഷണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. കാരയൂർ റിസർവിലെ അമ്പലപ്പാറ, പടുമ്പി എന്നിവടങ്ങളിലെ വൻചന്ദനമരങ്ങളാണ് ഇവർ കടത്തിയത്. കുണ്ടിയാം പള്ളം സ്വദേശിയായ ചെല്ലദുരയാണ് ചന്ദന മോഷണത്തിന് നേതൃത്വം നൽകിയത്. ചെല്ലദുരയുടെ കൈവശമായിരുന്നു റിവർവിലെ ഗെയിറ്റിന്റെ താക്കോൽ. മറ്റ് വാച്ചർമാർ ശേഖരിക്കുന്ന ചന്ദനം പുറത്തേക്ക് കടത്തി ചന്ദനമാഫിയക്ക് നൽകിയിരുന്നത് ഇയാളായിരുന്നു. കാന്തല്ലൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ മഹാരാജാ, ഡെപ്യൂട്ടി റെയിഞ്ച് ഒഫീസർ വി.ജെ. ഗീവർ, സെഷൻ ഫോറസ്റ്റ് ഓഫീസർ വി.കെ. ബിജു, സരേന്ദ്ര കുമാർ, രതീഷ് എ.ജെ, ടോണി ജോർജ്ജ്, പോൾ അലക്‌സാണ്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചന്ദനമോഷണത്തിലെ പ്രധാന കണ്ണികളായ പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.