ചെറുതോണി: ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി അർജുനൻ ബി.ജെ പി ഭാരവാഹികളെ സ്വീകരിക്കുകയും അവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തത് ഇന്നലെ ഡി.സി.സി ഓഫീസിൽ ചേർന്ന ഇടുക്കി ബ്ലോക്ക് കമ്മറ്റി യോഗത്തിൽ ചർച്ചയായി. കെ.പി.സി.സി പ്രസിഡന്റിന്റെ കേരള യാത്രയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പങ്കെടുത്ത യോഗത്തിലാണ് അംഗങ്ങൾ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചത്. എം.ഡി. അർജുനനോട് ഇബ്രാഹിംകുട്ടി കല്ലാർ വിശദീകരണം ആവശ്യപ്പെട്ടു. നൽകുന്ന മറുപടി കെ.പി.സി.സി പ്രസിഡന്റിന് അയച്ചുകൊടുക്കുമെന്നും അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് നടപടിയെടുക്കുമെന്നും കമ്മിറ്റിയെ കല്ലാർ അറിയിച്ചു. യോഗത്തിൽ എ.പി ഉസ്മാൻ, എൻ.പുരുഷോത്തമൻ, ബിനോയി വർക്കി, അനിൽ ആനിക്കനാട്ട് എന്നിവരും പങ്കെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബി.ജെ.പി പ്രവർത്തകരെ സ്വീകരിക്കുകയും യോഗം ഉദ്ഘാടനം ചെയ്തതും സംബന്ധിച്ച് ഒരു വിഭാഗം പ്രവർത്തകർ കെ.പി.സി.സി പ്രസിഡന്റിന് പരാതി അയച്ചിട്ടുണ്ട്.
തന്റേത് കെ.പി.സിസിയുടെ നിലപാട്: എം.ഡി. അർജുനൻ
ചെറുതോണി: കെ.പി.സി.സിയുടെ ശബരിമല വിഷയത്തിലുള്ള നിലപാടാണ് ഡി.സി.സി ജനറൽ സെക്രട്ടറിയായ എനിക്കുമുള്ളതെന്ന് എം.ഡി അർജുനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമല കർമസമിതി പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിൽ പങ്കെടുത്തിട്ടില്ല. സമരവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അന്നേ ദിവസം വാഴത്തോപ്പ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി പെയിന്റടിക്കുകയും വൃത്തിയാക്കുകയും ചെയ്തിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. വിവരമറിഞ്ഞ് ഭാരവാഹികളും ഭക്ത ജനങ്ങളും താനും ഉൾപ്പെടെ 150 പേർ ക്ഷേത്രസന്നിധിയിൽ നിന്ന് ചെറുതോണി പമ്പ് ജംഗ്ഷൻവരെ പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. എന്നാൽ ശബരിമല കർമ സമിതിയുടെയും ബി.ജെ.പിയുടെയും പരിപാടികളോട് എനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റായിട്ടുള്ള അയ്യപ്പ സേവാസംഘത്തിന്റെ ഇടുക്കി യൂണിയൻ പ്രസിഡന്റായ എന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും ചില കേന്ദ്രങ്ങൾ നടത്തുന്ന അപവാദ പ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.