തൊടുപുഴ: കേരളത്തിലെ കാർഷികരംഗത്ത് ചലനം സൃഷ്ടിക്കാൻ കാർഷിക മേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകർഷകനുള്ള ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കർഷക തിലക് അവാർഡ് കോട്ടയം ളാക്കാട്ടൂർ വാക്കയിൽ ജോയിമോന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികരംഗത്ത് പുതിയ പരീക്ഷണങ്ങളും നൂതന കൃഷിസമ്പ്രദായങ്ങളും ജനങ്ങളിലെത്തിക്കാൻ കാർഷികമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജൈവകൃഷി ഇന്നിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാർക്ക് ഉത്തേജനം പകരാനും ഒരു മത്സരവേദി സൃഷ്ടിക്കാനും കാർഷികമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം. മണി പറഞ്ഞു. ഇന്ത്യൻ കാർഷികമേഖലയെ സംബന്ധിച്ച് ദേശീയതലത്തിൽ ചർച്ച വേണം. സ്വാതന്ത്ര്യം പിന്നിട്ട് 70 വർഷം കഴിഞ്ഞിട്ടും കർഷകരുടെ ഉത്പന്നങ്ങൾക്ക് ആദായകരമായ വില ലഭ്യമാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. കാർഷികോത്പ്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റാൻ നടപടി വേണം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ കർഷകരിലെത്തിക്കണമെന്നും മണി പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ജൈവകർഷകന് രണ്ടു ലക്ഷം രൂപയും പുരസ്‌കാരവും സമ്മാനിച്ചു. യോഗത്തിൽ ജോയ്‌സ് ജോർജ് എം.പി, ഗോകുലം ഗോപാലൻ, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. ജോസി ജേക്കബ്ബ്, സി.കെ. ജാഫർ, കെ. സലിംകുമാർ, എം.എൻ. സുരേഷ്, പി.അജീവ്, മത്തച്ചൻ പുരയ്ക്കൽ എന്നിവർ സംസാരിച്ചു.

ജീവിതശൈലി മാറിയതോടെ അസുഖങ്ങൾ കൂടിയതായി മന്ത്രി കെ.കെ. ഷൈലജ ടീച്ചർ

തൊടുപുഴ : ജീവിതശൈലി മാറിയതോടെ അസുഖങ്ങൾ കൂടിയതായി മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. കാർഷികമേളയോടനുബന്ധിച്ച് നടത്തിയ ഭക്ഷണക്രമവും ആരോഗ്യ പരിപാലനവും സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കുക എന്നത് പ്രധാനമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ ഏറ്റവും പ്രധാന വിഷയം ജീവിതശൈലീ രോഗങ്ങളും പകർച്ചവ്യാധികളുമാണെന്നും അവർ പറഞ്ഞു. ഭക്ഷണം ശരിയായ അളവിൽ ശരിയായി കഴിച്ചാൽ അത് ഔഷധമാണെന്നും ഇല്ലെങ്കിൽ അസുഖങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങളാണ് ഇന്നേറ്റവും കൂടുതൽ ജനങ്ങളെ അലട്ടുന്നതെന്ന് ഡോ. രാജൻ ജോസഫ് പറഞ്ഞു. യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആർ. പി. മൈത്രേയ്, ഡോ. കെ.ആർ. സുരേഷ്, ന്യൂട്രീഷൻ കൺസൾട്ടന്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ, ഡോ. ആതിര രാംകുമാർ, ഡോ. ജോസഫ് തോമസ്, പ്രൊഫ. ജെസ്സി ആന്റണി, തമ്പി എരുമേലിക്കര, ഡോ. ദീപക് സി നായർ എന്നിവർ സംസാരിച്ചു.

പ്രദർശനം ഇന്നു കൂടി

കാർഷികമേളയോടനുബന്ധിച്ചുള്ള സ്റ്റാളുകളുടെയും വിളകളുടെയും പ്രദർശനം ഇന്ന് കൂടിയുണ്ടാകും