പീരുമേട്: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇല്ലാതെ പീരുമേട് താലൂക്ക് വികസനസമിതി യോഗം രണ്ടാം വട്ടവും പ്രഹസനമായി.
ശനിയാഴ്ച താലൂക്ക് ഓഫീസിൽ ചേർന്ന യോഗമാണ് എം.എൽ.എയും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും എത്താത്തിനെ തുടർന്ന് വഴിപാടായി മാറിയത്. കഴിഞ്ഞമാസം ചേർന്ന യോഗവും സമാനമായിരുന്നു. വിവിധ വകുപ്പുകളിൽ നിന്നായി 42 ഉദ്യോഗസ്ഥരും ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമാണ് താലൂക്ക് സഭയിൽ പങ്കെടുക്കേണ്ടത്. രാവിലെ 10ന് യോഗം ചേർന്നപ്പോൾ നാമമാത്ര വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടെ പക്ഷത്തുനിന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യനും മാത്രമാണ് ഹാജരുണ്ടായിരുന്നത്. രാഷ്ട്രീയപാർട്ടി പ്രതിനിധികളായി ഷാഹുൽ ഹമീദ്, അബ്ദുൾ സമദ്, രാജൻ തുടങ്ങിയവരും പങ്കെടുത്തു. എം.എൽ.എയ്ക്ക് യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടാകുമ്പോൾ പകരം പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ ആരെങ്കിലും പ്രതിനിധിയായി പങ്കെടുക്കുക എന്നതാണ് കീഴ്‌വഴക്കം. എന്നാൽ ഇത്തവണ അതും ഉണ്ടായില്ല. സന്നിഹിതനായിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചെങ്കിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമില്ലാത്തതിനാൽ തീരുമാനമെടുക്കാൻ സാധിച്ചില്ല. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെ പുറപ്പെട്ട് കിലോമീറ്ററുകൾ യാത്രചെയ്ത് വൃദ്ധരുൾപ്പെടെ പരാതിയും അപേക്ഷയുമായി എത്തിയിരുന്നു. എലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിലെ മാലിന്യ നിർമാർജന പ്രശ്‌നം, വള്ളക്കടവ് ആറ്റോരത്ത് താമസിക്കുന്നവർക്ക് പട്ടയം നിഷേധിക്കുന്നതിനെക്കുറിച്ച്, ദേശീയപാതയിൽ വണ്ടിപ്പെരിയാർ മുതൽ വളാർഡി വരെ റോഡ് ഉയർത്തുമ്പോൾ പുറമ്പോക്ക് കൈയേറാതെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് തുടങ്ങിയ നിരവധി നിർദ്ദേശങ്ങളും പരാതികളും സമിതി സ്വീകരിച്ചു. ശബരിമല തീർത്ഥാടകർക്ക് ഇടത്താവളങ്ങളിൽ കുടിവെള്ളം, വെളിച്ചം, കുളിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കാത്തതിനെതിരെയും പരാതിയുണ്ടായി. തുടർച്ചയായി താലൂക്ക് സഭയിൽ ഉദ്യോഗസ്ഥർ എത്താത്തതിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. കഴിഞ്ഞമാസം കൂടിയ താലൂക്ക് സഭയിലും ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിരുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ മുതിർന്നെങ്കിലും വിവരം അറിഞ്ഞ ഉദ്യോഗസ്ഥർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.