തൊടുപുഴ: നഗരസഭ പരിധിയിൽ ബഹുനില കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ നോക്കുകുത്തിയാകുന്നു . ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപങ്ങൾ എന്നിവ ഉൾപ്പടെ മിക്കതും അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല . മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്ന് 40 ഓളം കെട്ടിടങ്ങൾക്കാണ് നഗരത്തിൽ കഴിഞ്ഞവർഷം അഗ്നിരക്ഷാസേന നോട്ടീസ് നൽകിയത്. എന്നാൽ ഇതിൽ പകുതി സ്ഥാപനങ്ങൾ മാത്രമേ നോട്ടീസിൽ പറയുന്ന പ്രകാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ളൂ. അഗ്നിശമന ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനുള്ള പരശോധനയിലാണ് ഉദ്യോഗസ്ഥർ വീഴ്ച കണ്ടെത്തിയത്. ഇരുനില കെട്ടിട നിർമാണം പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങുന്നവർ പിന്നീട് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൂടുതൽനിലകൾ പണിയുകാണ് ചെയ്യുന്നത്. വലിയ കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. എന്നാൽ അനധികൃ നിർമ്മാണങ്ങൾക്ക് ഇത്തരം മുന്നറിയിപ്പുകളൊന്നും പാലിക്കുന്നുമില്ല. ഇക്കാര്യത്തിൽ നഗരസഭ എൻജീനീയറിങ്ങ് വിഭാഗമാണ് നടപടി സ്വീകരക്കേണ്ടത്. അവരാകട്ടെ ഇതൊന്നും കണ്ടമട്ട് നടിക്കുന്നുമില്ല. ഈ കാര്യത്തിലെ ജാഗ്രതകുറവ് വലിയ ദുരന്തങ്ങൾക്കുതെന്നെ കാരണമാകും ബഹുനില മന്ദിരങ്ങളിൽ അഗ്നിബാധ ഉണ്ടായാൽ വളരെ ഉയരത്തിൽ വെള്ളം എത്തിക്കുന്നതിനുള്ള അത്യാധൂനിക സംവിധാനങ്ങൾ തൊടുപുഴയിൽ ഇല്ല. പഴക്കം ചെന്ന ബഹുനിലകെട്ടിടങ്ങളും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ പരശോധനയിൽ കണ്ടെത്തിയിരുന്നു . അടിയന്തരമായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നോട്ടീസ് നൽകിയാലും ഇത് നടപ്പാക്കുന്ന കാര്യത്തിൽ സ്ഥാപന ഉടമകൾ വീഴ്ച വരുത്തുകയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമപരമായ കടമ്പകൾ മറികടക്കുകയും ചെയ്യും. നഗരത്തിൽ അനധികൃത നിർമാണ പ്രവർത്തങ്ങൾക്കെതിരെ പേരിനുമാത്രം നടപടികൾ ആരംഭിച്ചിരുന്നെങ്കിലും എങ്ങുമെത്താതെ അവസാനിച്ചു. വ്യാപാരകേന്ദ്രങ്ങൾ ഉൾപ്പെടെ 191 പേർ നഗരസഭയുട അനുമതി വാങ്ങാതെ അനധികൃതമായി നിർമാണം നടത്തിയതായി 2018 ൽ കണ്ടെത്തിയിരുന്നു. എന്നാൽ അതിലും തുടർ നടപടികളൊന്നുമുണ്ടായില്ല. തൊടുപുഴ അഗ്നിരക്ഷാസേനയുടെ പരിധിയിൽ നഗരസഭയും സമീപത്തെ പത്ത് പഞ്ചായത്തുകളുമാണ് വരുന്നത്. വലിയ പ്രദേശമായതിനാലും ജീവനക്കാരുടെ കുറവും കാരണം കൃത്യമായ പരശോധന നടക്കാറുമില്ല. നിലവിലുള്ള കെട്ടിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ കൂട്ടി ചേർക്കലുകളോ രൂപ മാറ്റങ്ങളോ വരുത്താൻ പാടില്ല എന്ന പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളും തൊടുപുഴ നഗരസഭ പ്രദേശത്ത് അട്ടിമറിക്കപ്പെടുന്നുണ്ട്. ചില പഞ്ചായത്ത് പ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് കാരണം ഇവിടെയും പരശോധനകൾ നടക്കുന്നില്ല.