ഇടുക്കി: ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഹരിതായനം' ഡിജിറ്റൽ പ്രചാരണ വാഹനം നാല് ദിവസം ഇടുക്കിയിൽ പര്യടനം നടത്തും. 25ന് ഏലപ്പാറയിൽ തുടങ്ങുന്ന പരിപാടി 28ന് വൈകിട്ട് തൊടുപുഴയിൽ സമാപിക്കുമെന്ന് ഹരിതകേരളം ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു അറിയിച്ചു. ജില്ലയിൽ 16 ഇടങ്ങളിലാണ് സ്വീകരണം നടത്തുന്നത്. ഇരുവശത്തും ഡിജിറ്റൽ സ്‌ക്രീൻ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്കു മുമ്പിലും വീഡിയോ പ്രദർശനം നടത്തും. ഹരിതകേരളം മിഷനെക്കുറിച്ചും ഹരിത പെരുമാറ്റച്ചട്ടം (ഗ്രീൻ പ്രോട്ടോക്കോൾ), ശുചിത്വമാലിന്യ സംസ്‌കരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച ഹരിത കർമ്മസേന, സുരക്ഷിത ഭക്ഷ്യോത്പാദനം, അധിക നെൽകൃഷി വ്യാപനം, ജലസംരക്ഷണ സ്ഥാപനങ്ങൾ, പുഴ പുനരുജ്ജീവന പ്രവർത്തനങ്ങൾ എന്നീ വിഷയത്തെക്കുറിച്ചുള്ള വീഡിയോകളും മറ്റു ബോധവത്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദർശിപ്പിക്കുന്നത്.