രാജാക്കാട്: ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ ചെയർമാന്റെ ഭൂമി തട്ടിയെടുക്കാനും വ്യാജപരാതികൾ നൽകി കുടുക്കാനും ശ്രമമെന്ന് പരാതി. ജില്ലയിൽ സ്വകാര്യ മേഖലയിലെ വലിയ ഏലത്തോട്ടങ്ങളിൽ ഒന്നായ ശാന്തമ്പാറ ജി.ഐ.ഇ പ്ലാന്റേഷൻസിന്റെ ഉടമ ഡോ. ജോൺ ജോസഫാണ് ഇത് സംബന്ധിച്ച് തോട്ടം വാങ്ങുന്നതിനായി അഡ്വാൻസ് നൽകിയ തൃശൂർ ദേശമംഗലം സ്വദേശിയ്‌ക്കെതിരെ ശാന്തമ്പാറ പൊലീസിലും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തൃശൂർ ജില്ലാ കോടതിയിലും എറണാകുളം കോടതിയിലും പരാതി നൽകിയിരിക്കുന്നത്. മുമ്പ് കെ.ആർ.വി എസ്റ്റേറ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന 650 ഏക്കർ പട്ടയവും 200 ഏക്കർ കുത്തകപ്പാട്ട ഭൂമിയും ചേർന്ന തോട്ടം ഡോ. ജോൺ ജോസഫും കുടുംബാംഗങ്ങളും ചേർന്ന് ബാങ്ക് വായ്പയെടുത്ത് 2005ൽ വാങ്ങിയതാണ്. എന്നാൽ നോക്കി നടത്താനുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് 2013ൽ ദേശമംഗലം സ്വദേശിയ്ക്ക് 32.5 കോടി രൂപയ്ക്ക് വിൽക്കാൻ കരാറായി. അഡ്വാൻസ് ഇനത്തിൽ പല തവണയായി 17 കോടി രൂപ നൽകി. ബാക്കി തുക 11 മാസങ്ങൾക്കകം നൽകാമെന്നും അപ്പോൾ തോട്ടത്തിന്റെ പൂർണ്ണാവകാശം വിട്ടുനൽകാമെന്നുമുള്ള ഉഭയകക്ഷി സമ്മത പ്രകാരം ചെക്കുകൾ നൽകുകയും ചെയ്തു. എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഇവ നിരവധി തവണ മടങ്ങി. കരാർ പൂർത്തിയാക്കാൻ തൃശൂർ സ്വദേശിയ്ക്ക് സാധിയ്ക്കാത്തതിനാൽ ഇയാളുടെ അഡ്വാൻസ് വിഹിതത്തിൽ ഒരു ഭാഗം തിരിച്ചു നൽകി. ഒമ്പത് കോടിയോളം രൂപ പിന്നീട് തിരികെ നൽകാമെന്നും ധാരണയായി. കാലാവധി കഴിഞ്ഞതോടെ വിൽപ്പന ഉടമ്പടി അസാധുവായെങ്കിലും തൃശൂർ സ്വദേശി തോട്ടം ഒഴിവാകാൻ തയ്യാറായില്ല. തുടർന്ന് ഡോ. ജോൺ ജോസഫ് ഹൈക്കോടതിയിൽ നിന്ന് നിരോധന ഉത്തരവ് സമ്പാദിച്ച് തോട്ടത്തിൽ കയറുന്നതിൽ നിന്ന് വിലക്കി. ഇതോടെ ഇയാൾ ആളുകളെ സംഘടിപ്പിച്ച് തോട്ടം കൈയേറുന്നതിന് നീക്കമാരംഭിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെക്കൊണ്ട് പൊലീസിൽ കള്ളപ്പരാതികൾ നൽകുകയും ചെയ്തെന്നാണ് ആരോപണം. ജോൺ ജോസഫിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ വ്യാജ രേഖകൾ ചമച്ചതായും പരാതിയുണ്ട്.