അടിമാലി: ഇനി മുതൽ ആഹ്വാനം ചെയ്യപ്പെടുന്ന ഹർത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റിന്റെ തീരുമാനം. 2019 ഹർത്താൽ രഹിത വർഷമായി ആചരിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് അടിമാലി മേഖലയിലും ഇനി മുതലുള്ള ഹർത്താലുകളോട് സഹകരിക്കേണ്ടെന്ന കാര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമതി അടിമാലി യൂണിറ്റ് തീരുമാനമെടുത്തിട്ടുള്ളത്. ഹർത്താൽ നടത്താനെന്ന പോലെ നിസഹരിക്കാനും പൗരന് അവകാശമുണ്ടെന്നും ഇനി മുതലുള്ള അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ ദിനങ്ങളിൽ രാവിലെ 9.30 മുതൽ തുറന്നു പ്രവർത്തിക്കുമെന്നും സമിതി പ്രസിഡന്റ് കെ.ആർ. വിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം നാലിന് വ്യാപാരി വ്യവസായി ഏകോപന സമതി അടിമാലി യൂണിറ്റിന്റെ വിശേഷാൽ പൊതുയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇനി മുതൽ ഹർത്താലുകളോട് സഹകരിക്കേണ്ടെന്ന തീരുമാനം എടുത്തത്. തുടർച്ചയായുണ്ടായ ഹർത്താലുകൾ പ്രളയം തകർത്ത അടിമാലിയുടെ വ്യാപാരമേഖലയെ പ്രതികൂലമായി ബാധിച്ചെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ശബരിമല കർമ്മസമതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താലിലും അടിമാലിയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നു. ആരോടുമുള്ള വെല്ലുവിളിയല്ലെന്നും വ്യാപാരികളുടെ ഇപ്പോഴത്തെ സാഹചര്യം ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ മനസിലാക്കണമെന്നും വ്യാപാരികൾ അഭ്യർത്ഥിച്ചു. ഭാരവാഹികളായ കെ.ആർ. വിനോദ്, പി.എം. ബേബി, എം.എം. സാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.