ഇടുക്കി: വാഴവര ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ ഓഫീസ് ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കും. ജോയ്സ് ജോർജ് എം.പി സ്‌കൂൾ ലാബും ലൈബ്രറിയും റോഷി അഗസ്റ്റിൻ എം.എൽ.എ സ്മാർട്ട് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും ഫണ്ടുകൾ ചേർത്ത് 90 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ഹൈസ്‌കൂളിനായി പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കും. മുകളിലത്തെ നിലയിൽ ഏഴ് ക്ലാസ് റൂമുകൾക്കാണ്
സജീകരിക്കുന്നത്. 1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1972 ൽ സർക്കാർ ഏറ്റെടുത്ത് എൽ.പി സ്‌കൂളായി മാറ്റുകയും പിന്നീട് യു.പിയായും 2010ൽ ഹൈസ്‌കൂളായും ഉയർത്തി. 150 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കഴിഞ്ഞ ഏഴു വർഷങ്ങളായി എസ്.എസ്.എൽ.സിക്ക് സ്‌കൂൾ നൂറു ശതമാനം വിജയം നേടുന്നുണ്ട്. യോഗത്തിൽ കട്ടപ്പന നഗരസഭാ ചെയർമാൻ മനോജ് .എം.തോമസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ബിന്ദു ജസ്റ്റീന റിപ്പോർട്ടവതരിപ്പിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ രാജമ്മ രാജൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബെന്നി കല്ലൂപുരയിടം, ജോയി വെട്ടിക്കുഴി, തോമസ് മൈക്കിൾ, ലീലാമ്മ ഗോപിനാഥ്, എമിലി ചാക്കോ തുടങ്ങിയവർ പങ്കെടുക്കും. നഗരസഭ കൗൺസിലർ ബെന്നി കുര്യൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സജീവ് എം.പി നന്ദിയും പറയും.