ചെറുതോണി: പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ലോക്‌സഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നടപ്പു സമരം ഇന്ന് രാവിലെ ഒമ്പതിന് ഉരുൾപൊട്ടൽ ദുരന്തം വിതച്ച കരിമ്പൻ കാനത്ത് നിന്ന് ആരംഭിച്ച് കളക്‌ട്രേറ്റിൽ സമാപിക്കും. ദുരിതബാധിതരെ കണ്ടെത്തിയതിലെ അപാകത പരിഹരിക്കുക, പട്ടയമില്ലാത്ത ദുരിതബാധിതർക്ക് സഹായം നിഷേധിക്കുന്ന സർക്കാർ തീരുമാനം മാറ്റുക, ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാര തുക ഉയർത്തുക, കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പകരം കൃഷിഭൂമി നൽകുക, ദുരിതബാധിതരായ കൃഷിക്കാർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരം നൽകുക, തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന നടപ്പു സമരം നാളെ രാവിലെ ഒമ്പതിന് കരിമ്പനിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ ഉദ്ഘാടനം ചെയ്യും. ലോക്സഭാ പ്രസിഡന്റ് ബിജോ മാണി അദ്ധ്യക്ഷത വഹിക്കും. സമരത്തിന് സമാപനം കുറിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തുന്ന കളക്‌ട്രേറ്റ് മാർച്ച് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും.