kk
വൈദ്യുതി ലഭിക്കാത്ത ചെറുതോണിയിലെ വ്യാപാരശാല.

ചെറുതോണി: പ്രളയക്കെടുതിയിൽ ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചെറുതോണിയിലെ കച്ചവട സ്ഥാപനങ്ങൾ ഭാഗികമായി നശിച്ചുപോയത് പുനർനിർമിച്ചെങ്കിലും ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്തിൽ അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്നാണ് ചെറുതോണിയിൽ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ തകർന്നത്. വർഷങ്ങളായി ന്യൂസ്‌പേപ്പർ ഏജൻസി നടത്തിവന്ന സി.എൻ. പവിത്രന് പ്രളയക്കെടുതിയിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കട ഭാഗികമായി തകരുകയും സാധനങ്ങൾ മുഴുവൻ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് കടയുടമകൾ തന്നെ താത്കാലികമായി കെട്ടിടം നന്നാക്കുകയും ചെറിയ രീതിയിൽ വ്യാപാരം ആരംഭിക്കുകയും ചെയ്തു. എന്നാൽ വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നതിനായി ഇവർ കാത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം. വൈദ്യുതി കണക്ഷൻ നൽകുന്നതിന് ജില്ലാ പഞ്ചായത്തിന്റെ അനുവാദം ആവശ്യമാണ്. ഇവർ സമ്മതപത്രം നൽകാത്തതിനാലാണ് കണക്ഷൺ ലഭിക്കാത്തതെന്ന് വ്യാപാരികൾ പറയുന്നു. പെരിയാർ തീരത്തുള്ള ബഹുനില മന്ദിരത്തിനുൾപ്പെടെ വൈദ്യുതി ലഭിച്ചു. എത്രയും വേഗം കെട്ടിടത്തിന് വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.