kk
അറക്കുളം സെന്റ്‌മേരീസ് ഹൈസ്‌കൂളിൽ ഒരുവട്ടം കൂടി '94ൽ പങ്കെടുക്കാനെത്തിയവർ

അറക്കുളം: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1994ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ കാൽനൂറ്റാണ്ടിന് ശേഷമുള്ള പുനഃസമാഗമം വികാരനിർഭരമായി. 'ഒരു വട്ടംകൂടി 94 ' എന്ന പേരിൽ സംഘടിപ്പിച്ച സഹപാഠികളുടെ കൂടിച്ചേരലിൽ സ്‌കൂൾ കാലത്തിനുശേഷം തുടർപഠനവും ജോലിയുമൊക്കെയായി ജീവിതത്തിന്റെ നാനാതുറകളിലേക്ക് പോയവരാണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഒന്നിച്ചു ചേർന്ന് ഒടുവിൽ 1994ലെ അതേ ക്ലാസ് മുറികളിലെത്തിച്ചേർന്നത്. ആഫ്രിക്ക, ആസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡത്തിൽ നിന്നുള്ളവർ പോലും സഹപാഠികളെ കാണുന്നതിന് മാത്രമായി സ്‌കൂൾ മുറ്റത്തെത്തി. വൈദികർ, കന്യാസ്ത്രീകൾ, ഡോക്ടർമാർ, എൻജിനീയർമാർ, നഴ്സുമാർ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങി മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ജേതാവ് വരെ ഉൾപ്പെട്ട കർഷകരും വീട്ടമ്മമാരുമെല്ലാം എത്തിയിരുന്നു. 1994ൽ പത്താംക്ലാസുകളിൽ മൂന്ന് ഡിവിഷനുകളിലായി 128 കുട്ടികളാണുണ്ടായിരുന്നത്. അവരിൽ 108 പേർ വീണ്ടും ക്ലാസുമുറിയുടെ സൗഹൃദ തണലിലേക്ക് പറന്നെത്തി. കൂടെയില്ലാത്ത കൂട്ടുകാരായ മഞ്ജേ‌ഷ് കുര്യൻ, വി. ശ്രീനിവാസൻ എന്നിവരുടെ സ്മരണയ്ക്കായി രണ്ട് സ്മാർട്ട് ക്ലാസ്‌റൂമുകളാണ് സഹപാഠികൾ സജ്ജമാക്കിയത്. ക്ലാസ് മുറികളിൽ ആ കൂട്ടുകാരുടെ ചിത്രം അനാച്ഛാദനം ചെയ്യാനും സമയം കണ്ടെത്തി. അന്നത്തെ അദ്ധ്യാപകരും അനദ്ധ്യാപകരുമെല്ലാം ഈ കൂട്ടായ്മയ്ക്കു പൂർണത നൽകാനുണ്ടായിരുന്നു. കൂട്ടായ്മക്കെത്തിയ എത്തിയ അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചതിനൊപ്പം പങ്കെടുത്ത എല്ലാവർക്കും സ്‌നേഹസമ്മാനങ്ങളും നൽകി. സ്‌കൂൾ മാനേജർ ഫാ. ജോർജ് വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ഒരുവട്ടം കൂടി' യുടെ ഉദ്ഘാടനം നിർവഹിച്ചത് ബാച്ചിന്റെ പ്രധാനാദ്ധ്യാപികയായിരുന്ന സിസ്റ്റർ ലിറ്റീഷ്യയായിരുന്നു. ക്ലാസ് ടീച്ചർമാരായിരുന്ന സി.സിബിയ, സി.എൽസി, സി. ജോയ്സ്‌മേരി എന്നിവർ ആശംസകളർപ്പിച്ചു.