പീരുമേട്: ഹൈറേഞ്ചിൽ തണുപ്പ് ശക്തമായത് കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി. കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് നാണ്യവിളകൾക്കാണ്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികളുടെ വിളവിനെ തന്നെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. മഞ്ഞു വീഴ്ച മൂലം ഏലത്തിന്റെ തളിർത്ത നാമ്പുകൾ പോലും നശിക്കുന്ന അവസ്ഥയിലാണ്. വിളവെടുക്കാൻ പാകമായ ഏലക്കായും ചിമ്പും ശരവും ഉൾപ്പെടെയാണ് നശിക്കുന്നത്. തോട്ടങ്ങളിൽ പൂർണമായി വളപ്രയോഗം നടത്തിയിട്ടും കാലാവസ്ഥ മാറ്റം മൂലം പ്രതീക്ഷിച്ച ഫലം ഉണ്ടായിട്ടില്ല. ദിവസങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ ചെടിയൊട്ടാകെ നശിച്ചുപോകുന്ന സ്ഥിതിയാണ്. ഉത്പാദനം കുറഞ്ഞതോടെ ഏലക്കായുടെ വിലയിൽ വലിയ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. നിലവിൽ 1500 മുതൽ 2000 രൂപ വരെയാണ് ഇപ്പോഴത്തെ വില. കാപ്പികുരുവിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചെങ്കിലും ഉത്പാദനം കുറഞ്ഞത് കർഷകരെ നിരാശയിലാക്കിയിട്ടുണ്ട്. പൂവിട്ട ശിഖിരങ്ങൾ പോലും മഞ്ഞുവീഴ്ച മൂലം നശിച്ചു. ഉത്പാദനം ഗണ്യമായി കുറഞ്ഞു. കാപ്പിക്കുരു ശരാശരി 65 രൂപയോളം തൊണ്ടും പുറം വില ലഭിക്കുന്നുണ്ട്.ഈ മാസം അവസാനത്തോടെ കുരുമുളക് സീസണും ആരംഭിക്കും. തോട്ടം മേഖലയിലെ പ്രധാന ആദായമായ തേയില കൃഷിയുടെ അവസ്ഥയും ഇതുതന്നെയാണ്. പുലർച്ചയുണ്ടാവുന്ന മഞ്ഞുവീഴ്ചയ്ക്ക് ശേഷം ചൂട് ശക്തമാവുന്നതോടെ കൊളുന്തിന്റെ ഇലകൾ രണ്ടായി വിണ്ടു കീറുന്നു. ഇതോടെ വൻകിട ഫാക്ടറികൾ ചെറുകിട കർഷരിൽ നിന്ന് പച്ചക്കൊളുന്ത് വാങ്ങുന്നില്ല. രണ്ടായിരത്തിലധികം ചെറുകിട തേയില കർഷകരാണ് ജില്ലയിലുള്ളത്. ഇവരുടെ ഉപജീവന മാർഗവും കൊളുന്ത് വിൽപ്പനയാണ്. വാങ്ങാനാളില്ലാത്തതിനാൽ വിളവെടുത്ത കൊളുന്ത് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ കർഷകർ. ഗുണനിലവാരമനുസരിച്ചാണ് ഫാക്ടറികൾ വില നിശ്ചയിക്കുന്നത്. ഏറിയ പണിക്കൂലിയും വളങ്ങളുടെയും കീടനാശിനികളുടെയും വിലയും താരതമ്യപ്പെടുത്തുമ്പോൾ കിലോയ്ക്ക് 18 രൂപയെങ്കിലും കിട്ടണമെന്നാണ് കർഷകർ പറയുന്നത്. അതിശൈത്യം പച്ചക്കറി കൃഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങളുണ്ട്
പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനം കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കും വഴി വയ്ക്കുന്നതായി ഡോക്ടർമാർ പറയുന്നു. ശ്വാസംമുട്ടൽ, സന്ധിവേദന, പനി തുടങ്ങിയവ ഹൈറേഞ്ചിൽ റപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. പലരും ആശുപത്രികളെ സമീപിക്കാതെ ഒറ്റമൂലികൾ പരീക്ഷിച്ചാണ് പ്രതിവിധി തേടുന്നതെന്ന പ്റശ്നവുമുണ്ട്.