മൂലമറ്റം: പെരുന്തേനീച്ച കൂട് കാറ്റത്ത് താഴെ വീണതിനെ തുടർന്ന് ഈച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. ചേറാടി അമ്പലത്തിന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കല്ലിടുക്കുംമാക്കൽ രാജന്റെ പുരയിടത്തിലെ മരത്തിലെ തേനീച്ച കൂടാണ് കാറ്റത്ത് വീണത്. തുടർന്ന് തേനീച്ചകൾ സമീപത്തുള്ള കടയിലുള്ളവരെയും കാൽനട യാത്രക്കാരെയും കുത്തി. അയൽവാസിയായ തെക്കെകൊച്ചുപറമ്പിൽ ഐസക്കിന്റെ മാതാവ് ഗ്രേസിയ്ക്ക് സാരമായി പരിക്കേറ്റു. ഗ്രേസിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസക്കിന്റെ വളർത്തു നായയെ തേനീച്ച കുത്തി. നിയന്ത്രണം വിട്ട് ഓടിയ നായ എതിരെ വരികയായിരുന്ന സി.എസ്‌.ഐ പള്ളി വികാരി ഫാ. റോയി പി തോമസിന്റെ ബൈക്കിൽ ഇടിച്ചു. ബൈക്ക് മറിഞ്ഞു വീണു ഫാ. റോയിക്ക് പരുക്കേറ്റു. ഇതിനിടെ ഐസക്കിന്റെ വീടിനുള്ളിൽ മൂന്നു കുട്ടികൾ അകപ്പെട്ടു. ഇവരെ മൂലമറ്റത്തു നിന്ന് അഗ്നിശമനാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. രാജന്റെ പറമ്പിലുള്ള വെള്ളമരത്തിൽ 15 തേനീച്ച കൂടുകൾ ഉണ്ട് കാറ്റടിക്കുമ്പോൾ തേനീച്ചയുടെ ആക്രമണം ഇവിടെ പതിവായിരിക്കുകയാണ്. വനമേഖല ആയതിനാൽ മരം വെട്ടി മാറ്റുന്നതിനു നിയന്ത്രണം ഉണ്ട്. വനം വകുപ്പും പഞ്ചായത്തും ഇടപെട്ട് മരത്തിലെ തേനീച്ച കൂടുകൾ നീക്കണമെന്ന ആവശ്യം ശക്തമാണ്.