മൂലമറ്റം: കുടിവെള്ള കണക്ഷന് എട്ട് വർഷം മുമ്പ് അപേക്ഷ നൽകി കാത്തിരുന്നയാൾക്ക് വാട്ടർ അതോരിട്ടിയിൽ നിന്ന് ജപ്തി നോട്ടീസ്. മൂലമറ്റം താന്നിക്കൽ അജി ജോസഫിനാണ് വെള്ളത്തിന് പകരം നോട്ടീസ് ലഭിച്ചത്. 2010 ൽ കുടിവെള്ളത്തിനായി അജി അപേക്ഷ നൽകിയിരുന്നു. എന്നാൽ എട്ട് വർഷം പിന്നിട്ടിട്ടും കണക്ഷൻ ലഭിച്ചിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം അജി ജോസഫിന് വാട്ടർ അതോറിട്ടിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. വെള്ളക്കരം ഇനത്തിൽ 4749 രൂപ ഏഴ് ദിവസത്തിനകം അടച്ചില്ലെങ്കിൽ ജപ്തി അടക്കമുള്ള നടപടികൾ എടുക്കുമെന്നായിരുന്നു നോട്ടീസിൽ. കുടിവെള്ള ക്ഷാമം രൂക്ഷമായ 2010ൽ കണക്ഷൻ ലഭിക്കാൻ പണം അടച്ച് അപേക്ഷ നൽകിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. 2013ൽ 3000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് അജിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നു വാട്ടർ അതോറിട്ടിയിൽ എത്തി വിവരം പറഞ്ഞതിനെതുടർന്ന് ബിൽ പിൻവലിച്ചതായി അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് വീണ്ടും നോട്ടീസ് ലഭിച്ചത്. എട്ട് വർഷം മുമ്പു താൻ നൽകിയ കുടിവെള്ള കണക്ഷനായി നൽകിയ പണം പലിശയടക്കം തിരികെ വേണം എന്നാവശ്യപ്പെട്ട് അജി ജല അതോറിട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.