kk
ഇടുക്കി അണക്കെട്ട് കാണുന്നതിനെത്തിയ സന്ദർശകരുടെ തിരക്ക്

ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാൻ സന്ദർശകരുടെ തിരക്കേറി. ഇന്നലെ മാത്രം മുതിർന്നവരും കുട്ടികളുമായി 2656 പേർ ഇടുക്കി അണക്കെട്ട് സന്ദർശിക്കാനെത്തി. കഴിഞ്ഞ 22നാണ് അണക്കെട്ട് സന്ദർശകർക്കായി തുറന്നത്. ഇതുവരെ 26638 പേർ അണക്കെട്ട് സന്ദർശിക്കാനെത്തിയതായി അധികൃതർ അറിയിച്ചു. ഇതുവഴി ഒമ്പതുലക്ഷം രൂപ ഹൈഡൽ ടൂറിസത്തിന് ലഭിച്ചു. ഈ മാസം 20 വരെ സന്ദർശനം അനുവദിച്ചിട്ടുണ്ട്. ഇത്തവണ സന്ദർശകർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഹൈഡൽ ടൂറിസം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത് സന്ദർശകർക്കനുഗ്രഹമായി. നിലവിൽ സന്ദർകർക്കായി നാലു ബെഗി കാറുകൾ ഓടുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയാഗിക്കുന്നതിന് ഒരു ടെമ്പോ ട്രാവലറും സജീകരിച്ചിട്ടുണ്ട്. സന്ദർശനത്തിനെത്തുന്നവർ അണക്കെട്ട് കാണുന്നതിനൊപ്പം ഹിൽവ്യൂ പാർക്കും കാണാനെത്തുന്നുണ്ട്. ഇവിടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദർശകരുടെ സൗകര്യാർത്ഥം ഇടുക്കി, ചറുതോണി അണക്കട്ടുകളുടെ മദ്ധ്യഭാഗത്തായി മൂന്നു റെയിൻ ഷെൽട്ടറുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. 15ന് ഇതിന്റെ നിർമാണം പൂർത്തിയാകും. സന്ദർശകർക്ക് വെയിലും മഴയും ഏൽക്കാതിരിക്കാൻ ഇതിനാൽ സാധിക്കും. ഒരെണ്ണത്തിൽ 30 പേർക്ക് വിശ്രമിക്കാം. വരും ദിവസങ്ങളിൽ സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ബഗ്ഗി കാറിൽ യാത്ര ചെയ്യുന്നതിന് 50 രൂപയുമാണ് ഫീസ്. സംസ്ഥാനത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും സന്ദർശകരെത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ കൂടുതൽ പേരെത്തുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. ഇത്തവണ പെഡൽബോട്ടിംഗ് ഇല്ലാത്തത് സന്ദർശകരെ നിരാശരാക്കിയിട്ടുണ്ട്.