kk
കോമ്പൗണ്ടിനുള്ളിൽ കയറ്റിയിട്ടിരിക്കുന്ന ഇടുക്കി മെഡിക്കൽ കോളജിലെ ആംബുലൻസ്

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിലെ ആംബുലൻസുകൾ തകരാറിലായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. രണ്ട് ആംബുലൻസുകളാണ് ഇടുക്കി മെഡിക്കൽ കോളേജിലുള്ളത്. ഒരു മാസത്തിലേറെയായി എൻജിൻ തകരാറിലായതിനെ തുടർന്ന് ആംബുലൻസുകളിലൊന്ന് ഓടാതെ ഷെഡിലുണ്ട്. ഒരാഴ്ച മുമ്പ് രണ്ടാമത്തെ ആംബുലൻസും തകരാറിലായി. ചെറിയ തകരാറുകളുടെ പേരിലാണ് വാഹനങ്ങൾ ഓടാതെ കിടക്കുന്നത്. വാഹനങ്ങൾ നന്നാക്കുന്നതിന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ ആംബുലൻസുകൾ നന്നാക്കി സർവീസ് ആരംഭിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. സ്വകാര്യ വാഹന ഉടമകളും ആശുപത്രി അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് വാഹനങ്ങൾ നന്നാക്കാത്തതെന്ന് ആരോപണമുണ്ട്. ആശുപത്രിയിൽ നിന്ന് സ്വകാര്യ വാഹനം വിളിക്കുമ്പോൾ ഉടമ കമ്മിഷൻ നൽകാറുണ്ടെന്നും പറയപ്പെടുന്നു. അതിനാൽ വാഹനങ്ങൾ കേടായിട്ടും നന്നാക്കുന്നതിന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് നാട്ടുകാരും രോഗികളും ആവശ്യപ്പെടുന്നു. ആശുപത്രിയിൽ സ്ഥിരമായി സൂപ്രണ്ടില്ല. ചാർജുള്ള സൂപ്രണ്ട് ശബരിമല ഡ്യൂട്ടിയിലുമാണ്. ഇതിനാലാണ് ആംബുലൻസ് നന്നാക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ആംബുലൻസ് സർവീസ് പാവങ്ങൾക്ക് സഹായം

പലപ്പോഴും ഗുരുതരാവസ്ഥയിലായ രോഗികളെ വിദഗ്ദ്ധ ചികിത്സിയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകാനാണ് കുറഞ്ഞ പണമീടാക്കുന്ന ഇവിടത്തെ ആംബുലൻസുകൾ ഉപയോഗിച്ചിരുന്നത്. മെഡിക്കൽ കോളേജിലെ ആംബുലൻസ് ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തുന്നതിന് 1700 രൂപ മാത്രമാണ് ഈടാക്കുന്നത്. സ്വകാര്യ ആംബുലൻസുകാർ 4000 മുതൽ 4500 രൂപ വരെ ഈടാക്കുമ്പോഴാണിത്. പാവപ്പെട്ട രോഗികൾക്ക് ഇത്രയും തുക താങ്ങാനാകില്ല.