പീരുമേട്: പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുലേഖ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു പിന്നിൽ സി.പി.എം രാഷ്ട്രീയ തന്ത്രമെന്നു സൂചന. എൽ.ഡി.എഫ് ഭരിച്ചു കൊണ്ടിരുന്ന അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയോഗ്യയതാക്കിയതോടെ ഭരണം നഷ്ടമാവാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമാനമായ സാഹചര്യം നേരിടുന്ന പീരുമേട് പഞ്ചായത്തിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യതയാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സി.പി.എം തന്ത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നാടകീയമായി രാജി വെപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി വരുന്നതിന് മുമ്പ് മറ്റൊരാളെ പ്രസിഡന്റായി തിരഞ്ഞെടുത്താൽ എൽ.ഡി.എഫിന് ഭരണം നിലനിറുത്താൻ സാധിക്കും. ഇത് മുൻകൂട്ടി കണ്ടാണ് ടി.എസ്. സുലേഖയുടെ രാജിയെന്നാണ് ലഭിക്കുന്ന സൂചനകൾ. കോൺഗ്രസ് സ്ഥാനാർത്ഥിയായി പാമ്പനാർ കല്ലാർ വാർഡിൽ നിന്ന് വിജയിച്ച സുലേഖ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2017 ഡിസംബർ എട്ടിന് രാജിവച്ച് സി.പി.എമ്മിൽ ചേർന്ന് പ്രസിഡന്റ് സ്ഥാനം നിലനിറുത്തുകയായിരിന്നു. സുലേഖയ്ക്കൊപ്പം വൈസ് പ്രസിഡന്റ് രാജു വടുതലയും കൂറുമാറി സി.പി.എമ്മിൽ ചേർന്ന് എൽ.ഡി.എഫ് പിന്തുണയോടെ സ്ഥാനം നിലനിറുത്തി. ഇരുവരെയും കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം ബീനാമ്മ ജേക്കബ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ചതിന്റെ തെളിവുകളും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്നു. പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിസ്താരം പൂർത്തിയാക്കി. 16ന് വരണാധികാരിയെ വിസ്തരിക്കുന്നതോടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും. തുടർന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്യുമെന്നിരിക്കെയാണ് രാജി ഉണ്ടായത്. 17 അംഗ സമിതിയിൽ എൽ.ഡി.എഫ്- 9, യു.ഡി.എഫ്- 8 എന്നീ നിലയിലാണ് അംഗങ്ങൾ. രാജിയെ തുടർന്ന് വൈസ് പ്രസിഡന്റിന് ചുമതലകൾ നൽകി. അഴുത ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിൽ നിന്ന് കൂറ് മാറി എൽ.ഡി.എഫിൽ എത്തിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയിരുന്നു. തുടർന്നാണ് സുലേഖയുടെ രാജിയെന്നും സൂചനയുണ്ട്.