തൊടുപുഴ: കത്തോലിക്ക കോൺഗ്രസ് തൊടുപുഴയിൽ നടത്തിയ ക്രിസ്മസ്- പുതുവത്സര സൗഹൃദസംഗമം ജാതി- മത- രാഷ്ട്രീയ വിഭാഗീതയകൾക്കധീതമായ മാനവസാഹോദര്യത്തിനുള്ള പുതിയ തുടക്കമായി. ന്യൂമാൻ കോളേജിലെ ബിഷപ്പ് മാർ പുന്നക്കോട്ടിൽ ഹാളിലാണ് വർത്തമാനകാല കേരളം ഏറെ കാതോർക്കുന്ന സൗഹൃദസംഗമം അരങ്ങേറിയത്. സാമൂഹ്യ- രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗത്തെ വിശിഷ്ടവ്യക്തികളെ പങ്കെടുപ്പിച്ചൊരു സൗഹൃദസംഗമവും സ്നേഹവിരുന്നുമായിരുന്നു സംഘാടകരുടെ ലക്ഷ്യം. എന്നാൽ ചടങ്ങിലെ ക്ഷണിതാക്കളുടെ പങ്കാളിത്തം ഇത്തരം കൂട്ടായമ്കളുടെ അനിവാര്യത വിളിച്ചോതുന്നതായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്ത പി.ജെ. ജോസഫ് എം.എൽ.എയും വിവിധമേഖലകളെ പ്രതിനിധീകരിച്ച് സംസാരിച്ചവരും വർത്തമാനകാല കേരളത്തിൽ ഇതുപോലുള്ള കൂട്ടായ്മകളുണ്ടാവേണ്ടതിന്റെ അനിവാര്യത ആവർത്തിച്ചു. ബൈബിളും ഖുർആനും ശ്രീനാരായണഗുരുദേവ സൂക്തങ്ങളും ഉദ്ധരിച്ച് നടത്തിയ പ്രസംഗങ്ങളിലെല്ലാം നിഴലിച്ചത് വർഗീയതയ്ക്കും വിഭാഗീയതകൾക്കും അധീതമായ മാനവസാഹോദര്യത്തിന്റെ സന്ദേശങ്ങളായിരുന്നു. ഓണവും ബക്രീദുമൊക്കെ ഇതുപോലെയുള്ള കൂട്ടായ്മകൾക്ക് വേദിയാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി വികാരി ഫാ. ഡോ. ജിയോ തടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഡയറക്ടറും കോതമംഗലം രൂപത വികാരി ജനറാളുമായ മോൺ. ജോർജ് ഓരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ മിനി മധു, നൈനാരുപള്ളി ഇമാം ഹാഫീസ് നൗഫൽ കൗസരി, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ.കെ. നാവൂർകനി, പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് ദേശീയ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം സ്വാഗതവും ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. വിൻസെന്റ് നെടുങ്ങാട് നന്ദിയും പറഞ്ഞു. വിവിധ രാഷ്ട്രീയ - സാമൂഹ്യ- സാംസ്കാരിക നേതാക്കളും മാദ്ധ്യമ പ്രവർത്തകരും മത പുരോഹിതരും കന്യാസ്ത്രീകളും ചടങ്ങിൽ പങ്കെടുത്തു. ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.