അടിമാലി: അടിമാലി മേഖലയിൽ മികവുറ്റൊരു മൈതാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ക്രിക്കറ്റും ഫുട്‌ബോളും ഉൾപ്പെടുന്ന കായിക ലോകത്ത് അടിമാലിയുടേതായ കായിക താരങ്ങൾ നിരവധിയുണ്ട്. കേരള രഞ്ജി ക്രിക്കറ്റ് ക്യാപ്ടൻ സച്ചിൻ ബേബിയുൾപ്പെടെ അടിമാലിയുടെ മണ്ണിൽ നിന്ന് കായിക ലോകത്തിന് സംഭാവന നൽകിയവരാണ്. പക്ഷേ സൗകര്യങ്ങളോടു കൂടിയ മികവാർന്നൊരു കളിക്കളം ഇപ്പോഴും അടിമാലിയിലില്ല. നിലവിൽ കായിക താരങ്ങൾക്ക് പരിശീലിക്കാൻ അടിമാലി മാർ ബസേലിയോസ് കോളേജ് ഗ്രൗണ്ടും സർക്കാർ ഹൈസ്‌കൂൾ ഗ്രൗണ്ടുമാണുള്ളത്. പക്ഷേ,​ എപ്പോഴും ഈ ഗ്രൗണ്ടുകൾ കായികതാരങ്ങൾക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് അടിമാലിക്കൊരു കായിക സ്റ്റേഡിയമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ രണ്ട് വർഷങ്ങൾക്ക് മുമ്പ് അടിമാലി മേഖലയിൽ മൈതാനമൊരുക്കാനുള്ള ശ്രമം നടത്തിയിരുന്നു. മാർ ബസേലിയോസ് കോളേജിന് സമീപത്തെ മൂന്നേക്കറോളം വരുന്ന ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉടലെടുക്കുകയും ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ നിർമ്മാണം നിറുത്താൻ ഉത്തരവിടുകയും ചെയ്തതോടെ അസോസിയേഷൻ ശ്രമം അവസാനിപ്പിച്ചു. പരിശീലനം നൽകിയാൽ മികവുറ്റ നിരവധി താരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്നതിനാൽ അടിമാലിക്ക് സ്വന്തമായൊരു സ്റ്റേഡിയമെന്ന ആവശ്യം യാഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് പ്രാദേശിക കായിക താരങ്ങളുടെ ആവശ്യം.