വണ്ടിപ്പെരിയാർ: സംസ്ഥാന പച്ചക്കറി തോട്ടത്തിൽ ശമ്പളം ലഭിക്കാൻ വൈകിയതിനെ തുടർന്ന് തൊഴിലാളികൾ ഓഫീസിനു മുമ്പിൽ പ്രതിക്ഷേധിച്ചു. തിങ്കളാഴ്ച രാവിലെയാണ് തൊഴിലാളികൾ പണിയ്ക്ക് ഇറങ്ങാതെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. മൂന്ന് മാസമായി ശമ്പളം വളരെ വൈകിയാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. എല്ലാമാസവും മൂന്നാമത്തെ പ്രവൃത്തി ദിവസമാണ് ഇവർക്ക് ശമ്പളം ലഭിക്കേണ്ടത്. എന്നാൽ തുടർച്ചയായി മൂന്നു മാസം ശമ്പളം വൈകിയാണ് ലഭിക്കുന്നത്. പ്രതിഷേധം ശക്തമാക്കിയതോടെ ഫാം സൂപ്രണ്ടന്റ് പീരുമേട് ട്രഷറിൽ ബില്ല് മാറാൻ പോയതോടെയാണ് തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിൻമാറിയത്. പത്ത് മണിയോടെ ഇവർ പണിയ്ക്ക് ഇറങ്ങി. ഓഫീസ് ജീവനക്കാരുടെ അലംഭവമാണ് ശമ്പളം വൈകാൻ കാരണമെന്നാണ് ആരോപണം. ശമ്പളം വൈകുന്നതുമൂലം വായ്പയും വീട്ടുവാടകയും സമയത്തിന് നൽകാനാകുന്നില്ല. ഇതു കൂടാതെ പി.എഫ് ഉൾപ്പെടെയുള്ള മറ്റു തൊഴിലാനുകൂല്യങ്ങളും ഓഫീസിൽ തടസപ്പെട്ടു കിടക്കുന്നതായി തൊഴിലാളികൾ ആരോപിച്ചു. ഹർത്താലും നെറ്റ് വർക്കിൽ ഉണ്ടായ സാങ്കേതിക തകരാറുമൂലമാണ് ശമ്പളം വൈകിയതെന്നാണ് ഫാം ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നലെ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ഫാം സൂപ്രണ്ടന്റ് പറഞ്ഞു.