രാജാക്കാട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉള്ളടക്കത്തിൽ മാറ്റം വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ തുടക്കമെന്ന നിലയിലാണ് എല്ലാ സ്‌കൂളുകളും ഹൈടെക്ക് ആക്കിയതെന്നും മന്ത്രി എം.എം. മണി. ശാന്തമ്പാറയിൽ പുതുതായി ആരംഭിച്ച ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. മുരുകൻ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ കോളേജ് സ്‌പോൺസറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ സേനാപതി ശശി സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മാലിദ്വീപിൽ നടന്ന എൻ.സി.സി യൂത്ത് എക്സ്‌ചേഞ്ച് പ്രോഗ്രാമിലെ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായ നീതു എലിസബത്ത് മാത്യുവിനെ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, വി.എൻ. മോഹനൻ, ടി.ജെ. ഷൈൻ, എം.എൻ. ഹരിക്കുട്ടൻ, കെ.സി. ആലീസ്, മോണ്ട് ഫോർട്ട് സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബ്രദർ ജോയ് തെക്കനത്ത്, എം.പി സുനിൽകുമാർ, എസ്.വനരാജ്, ബാബു കക്കുഴി, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ജോബിൻ സഹദേവൻ എന്നിവർ സംസാരിച്ചു.