മറ്റ് നിരവധി പദ്ധതികൾക്ക് അംഗീകാരം
തൊടുപുഴ: വിശന്നുവലയുന്നവർക്ക് ഒരുനേരത്തെ അന്നമൊരുക്കാൻ നഗരസഭയുടെ പുതിയ സംരംഭം 'പാഥേയം' അടുത്ത സാമ്പത്തികവർഷം മുതൽ നടപ്പിലാക്കും. 2019- 20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലാണ് പട്ടണത്തെ വിശപ്പ് രഹിതമാക്കാൻ തൊടുപുഴ നഗരസഭ ഭരണസമിതി തയ്യാറെടുക്കുന്നത്. ഇതുൾപ്പെടെ 16.60 കോടിരൂപയുടെ 172 പദ്ധതികൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ (ഡി.പി.സി) അംഗീകാരം ലഭിച്ചതായി അദ്ധ്യക്ഷ മിനി മധു അറിയിച്ചു. നഗരസഭയുടെ ജനകീയാസൂത്രണ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മൂന്നുമാസം മുമ്പ് പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു. നഗരത്തിൽ വിശന്നു വലയുന്നവർ ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ ദിവസവും ഉച്ചയ്ക്ക് നഗരസഭ ഓഫീസിനു പരിസരത്ത് സജ്ജീകരിക്കുന്ന കൗണ്ടറിൽ സൗജന്യമായി ഭക്ഷണപ്പൊതി ലഭ്യമാക്കും. അതോടൊപ്പം കിഴക്കമ്പലം പഞ്ചായത്ത് മാതൃകയിൽ വില്ലകൾ നിർമ്മിച്ച് കോലാനിയിലെ ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്ന 'ഫീനിക്സ്' പദ്ധതിയും അടുത്ത വർഷം നടപ്പിലാക്കും. പട്ടികജാതിയിൽപ്പെട്ട നിർദ്ധനരായ ലോട്ടറി വിൽപ്പന തൊഴിലാളികൾക്ക് മൈക്ക്‌സെറ്റ് ഘടിപ്പിച്ച സ്‌കൂട്ടറുകൾ, മുനിസിപ്പൽ പാർക്കിലേയ്ക്ക് പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നിന്ന് തൂക്കുപാലം, പാർക്കിൽ പുരാവസ്തു മ്യൂസിയം, എല്ലാവീടുകളിലും ഏതെങ്കിലുമൊരു ഉറവിടമാലിന്യ സംസ്‌കരണ സംവിധാനം, വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിന് തുമ്പൂർമൂഴി മാതൃക, നഗരപരിധിയിൽ നിലവിലുള്ള എല്ലാ കിണറുകളും ഉപയോഗയോഗ്യമാക്കി നിലനിറുത്തുന്നതിന് കിണർ റീചാർജിംഗ് തുടങ്ങി നിരവധി പദ്ധതികളാണ് അടുത്തവർഷം വിഭാവന ചെയ്തിരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം ഉൾപ്പടെയുള്ള ഉത്പാദന മേഖലയിൽ 1.10 കോടിരൂപയും സേവനമേഖലയിൽ 4.34 കോടിരൂപയും പശ്ചാത്തല മേഖലയിൽ 9.99 കോടിരൂപയും വിനിയോഗിക്കും. പട്ടികജാതി പട്ടികവർഗ ക്ഷേമത്തിന് 1.17 കോടി രൂപയ്ക്കുള്ള പദ്ധതികൾക്ക് അംഗീകാരംലഭിച്ചിട്ടുണ്ട്. തൊടുപുഴയെ ഭവനരഹിതർ ഇല്ലാത്ത നഗരം എന്ന പദവിയിലേയ്ക്ക് ഉയർത്തുന്നതിന് 1.02 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റെടുത്തിരിക്കുന്നത്.
പൊതുവിദ്യാഭ്യാസം
ഡോ. എ.പി.ജെ അബ്ദുൾകലാം സ്മാരക സ്‌കൂളിന് 40 ലക്ഷവും വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്‌കൂളിന് 30 ലക്ഷവും അനുവദിച്ചു. നഗരപരിധിയിലെ മറ്റ് സർക്കാർ സ്‌കൂളുകൾക്കായി 60 ലക്ഷം രൂപയും അംഗൻവാടികൾക്ക് പുതിയകെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങൾക്കുമായി 45 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വനിതാഘടക പദ്ധതികൾക്ക് 56.34 ലക്ഷം
നഗരത്തിൽ എത്തുന്ന വനിതകൾക്ക് താത്കാലിക താമസത്തിനും വിശ്രമത്തിനുമായി സുരക്ഷിതമായ ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിന് 20 ലക്ഷവും വനിതാ വ്യവസായ എസ്റ്റേറ്റുകളുടെ വികസനത്തിന് 25 ലക്ഷവുമുൾപ്പെടെ വനിതാ ഘടകപദ്ധതിയിൽ 56.34 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
മറ്റ് പദ്ധതികളും തുകയും
ശുചിത്വം, മാലിന്യസംസ്‌കരണം, ജലസംരക്ഷണം- 61.78 ലക്ഷം രൂപ
കിണർ റീചാർജിംഗ്- 5.6 ലക്ഷം
ആധുനിക അറവുശാലയുടെ പ്രാരംഭ നടപടികൾക്ക്- 10 ലക്ഷം
ഓടകൾ വൃത്തിയാക്കുന്നതിന്- 5 ലക്ഷം
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന്- 5 ലക്ഷം
മാലിന്യനിക്ഷേപത്തിനെതിരെ സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ- 7.5 ലക്ഷം
ക്ഷേമപദ്ധതിക്ക് - 85 ലക്ഷം
കുട്ടികൾക്ക് പരിശീലനത്തിന് നീന്തൽകുളം- 22 ലക്ഷം
നടുക്കണ്ടത്ത് സായാഹ്നവിശ്രമകേന്ദ്രം- 18 ലക്ഷം
ആധുനിക മുനിസിപ്പൽ ലൈബ്രറി- 40 ലക്ഷം
മുതലിയാർമഠത്ത് പൊന്നംപറമ്പിൽ കടവിൽ പുതിയപാലം- 30 ലക്ഷം
സട്രീറ്റ്‌ലൈറ്റുകൾ- 35 ലക്ഷം
മങ്ങാട്ടുകവല ബസ് സ്റ്റാന്റ് യാർഡ് നവീകരിച്ച് ചുറ്റുമതിലിന്- 15 ലക്ഷം
മാർക്കറ്റ് റോഡിനേയും കാഞ്ഞിരമറ്റം ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന് സ്ഥലം ഏറ്റെടുക്കാൻ- 25 ലക്ഷം
ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്പ്- 26 ലക്ഷം
വൃദ്ധസദനത്തിന്- 30 ലക്ഷം,
ആശ്രയ പദ്ധതി- 10 ലക്ഷം
പാലിയേറ്റീവ് പരിചരണം- എട്ട് ലക്ഷം
വയോമിത്രം- 14 ലക്ഷം
ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ- 5 ലക്ഷം
ഭിന്നശേഷിക്കാരുടെ കലോത്സവം- 75,000
നിർദ്ധനരായ വയോജനങ്ങൾക്ക് കട്ടിൽ- 2.47 ലക്ഷം