വണ്ടിപ്പെരിയാർ: ശബരിമല പരമ്പരാഗത പാതയായ സത്രം വഴി മലേഷ്യൻ സ്ത്രീകൾ ഉൾപ്പെട്ട സംഘം എത്തിയതിനെച്ചൊല്ലി തർക്കം. ഞായാറാഴ്ച രാത്രിയാണ് 50 അംഗ സംഘം പുല്ലുമേട് കാനനപാത വഴി സന്നിധാനത്തേക്കു പോകാൻ സത്രത്തിൽ എത്തിയത്. രാത്രി സത്രം ഇടത്താവളത്തിൽ വിശ്രമിച്ച്, പുലർച്ചെ ദർശനം നടത്താനായിരുന്നു സംഘത്തിന്റെ പരിപാടി.
സംഘത്തിൽ ആറു യുവതികളുണ്ടെന്ന് അഭ്യൂഹം പ്രചരിച്ചതോടെ ശബരിമല കർമ്മസമിതി അംഗങ്ങൾ പ്രദേശത്ത് സംഘടിച്ചു.
സ്ത്രീകളുടെ പ്രായം സംബന്ധിച്ച് പ്രതിഷേധക്കാർ സംശയം ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് സത്രത്തിലെത്തി ഇവരുടെ യാത്രാ രേഖകൾ പരിശോധിച്ചു. സ്ത്രീകൾക്ക് 58 നു മുകളിൽ പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ പ്രതിഷേധക്കാർ പിൻവാങ്ങി. വനത്തിലൂടെയുള്ള യാത്രയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, സംഘത്തിലെ സ്ത്രീകളും പ്രായംചെന്ന പുരുഷന്മാരും പിന്നീട് പമ്പ വഴി സന്നിധാനത്തേക്കു പോയി.