നെടുങ്കണ്ടം: ബാലൻപിള്ളസിറ്റിയിൽ ബി.എം.എസിന്റെ ഓഫീസിനു നേർക്ക് പെട്രോൾ ബോംബ് എറിഞ്ഞു. ഓഫീസിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൊടിമരം തകർന്നു, ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്‌ഫോടനശബ്ദം കേട്ട പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് ബി.എം.എസ് ഓഫിസിനു മുൻവശത്ത് പൊട്ടിത്തെറി നടന്നതായി മനസിലാക്കിയത്. പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളും പൊട്ടിച്ചിതറിയ കുപ്പിയുടെ ഭാഗങ്ങളും കണ്ടെത്തി. സി.ഐ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് സ്‌ക്വാഡും സയന്റിഫിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബ് പൊട്ടിയതിന്റെ ആഘാതത്തിൽ ഷട്ടറിന്റെ മുകൾ ഭാഗം തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാലൻപിള്ളസിറ്റിയിൽ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതി നടത്തിയ മാർച്ചിനിടെ ഗ്രാമകേന്ദ്രത്തിലേയ്ക്ക് കല്ലേറ് നടന്നിരുന്നു. കരുണാപുരം പഞ്ചായത്തംഗവും സി.പി.എം നേതാവുമായ പി.എസ്. ഷംസുദ്ദീൻ ഗ്രാമകേന്ദ്രത്തിൽ ഉള്ളപ്പോഴായിരുന്നു ആക്രമണം. കെട്ടിടത്തിലേയ്ക്ക് എറിഞ്ഞ കല്ല് ദിശമാറി സമീപത്തു നിന്നിരുന്ന സി.പി.എം ലോക്കൽ സെക്രട്ടറി ജെ.പ്രദീപിന്റെ സഹോദരിയുടെ നെറ്റിയിൽ കൊണ്ട് പരുക്കേറ്റിരുന്നു.
പിന്നിൽ സി.പി.എമ്മെന്ന് ബി.എം.എസ്
ആക്രമത്തിനു പിന്നിൽ സി.പി.എം ആണെന്നും ഗൂഡാലോചന ഉള്ളതായും ബി.എം.എസ്. ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
ആർ.എസ്.എസ്- ബി.ജെ.പി ഗൂഡാലോചനയെന്ന് സി.പി.എം
സി.പി.എം ബോംബ് ഏറിഞ്ഞെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ആർ.എസ്.എസ്–ബി.ജെ.പി ഗൂഡാലോചനയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എൻ. വിജയൻ, ടി.എം. ജോൺ, ജി. ഗോപീകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടു വരണമെന്നും ഇവർ ആവശ്യപ്പെട്ടു.