ഇടുക്കി: പഠന സമ്പ്രദായത്തിലും രീതിയിലും കാലാനുസൃതമായ മാറ്റം ഉണ്ടാക്കുന്ന പുതിയ സംവിധാനം സജ്ജീകരിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. വാഴവര ഗവ.ഹൈസ്‌കൂളിന് പുതുതായി നിർമ്മിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ വിദ്യാർത്ഥികൾക്ക് ഏതൊരു നാട്ടിലും ഉന്നത ജോലി ലഭ്യമാകും വിധം വിദ്യാഭ്യാസ രംഗത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരണം. അതിനാവശ്യമായി സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടുവെന്നതിന് തെളിവാണ് പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തിൽ ഉണ്ടായ വളർച്ചാ നിരക്ക്. പുതിയതായി ഹയർ സെക്കണ്ടൺറി അനുമതിക്ക് സർക്കാർ നയപരമായ തീരുമാനമെടുത്താൽ വാഴവര ഗവ.സ്‌കൂളിന് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ഓഫീസിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിച്ചു. സ്‌കൂളിലെ യു.പി.വിഭാഗത്തിന് രണ്ട് എൽ.സി.ഡി പ്രോജക്ടുകൾ അനുവദിച്ചതായി എം.എൽ.എ യോഗത്തിൽ അറിയിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ മനോജ് എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി കല്ലൂപുരയിടം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ഗോപിനാഥ് സ്‌കൂൾ ലാബ്, ലൈബ്രറി എന്നിവ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും ഫണ്ടുകൾ ചേർത്ത് 90 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ഹൈസ്‌കൂളിനായി പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കും. മുകളിലത്തെ നിലയിൽ ഏഴ് ക്ലാസ് റൂമുകൾക്കാണ് സജ്ജീകരിക്കുന്നത്. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ബിന്ദു ജസ്റ്റീന റിപ്പോർട്ടവതരിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എമിലി ചാക്കോ, കൗൺസിലർമാരായ കെ.പി സുമോദ്, ജിജി സാബു, വിവിധ സംഘടനാ പ്രവർത്തകരായ വൈ.സി.സ്റ്റീഫൻ, സിനു വാലുമ്മേൽ, ഷാജി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ കൗൺസിലർ ബെന്നി കുര്യൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സജീവ് എം.പി നന്ദിയും പറഞ്ഞു.