തൊടുപുഴ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷക കുടുംബത്തിന് വീട് നിർമ്മിച്ചുനൽകാൻ സ്വിറ്റ്സർലണ്ട് മലയാളികളുടെ സഹായഹസ്തം. ഉടുമ്പന്നൂർ മലയിഞ്ചി പുളിക്കക്കണ്ടത്തിൽ തോമസ് ഉലഹന്നാനാണ് സ്വിറ്റ്‌സർലണ്ടിലെ സാമൂഹിക- സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന 'ഹലോ ഫ്രണ്ട്സ്' എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ് അംഗങ്ങൾ പണം സമാഹരിച്ച് വീട് നിർമ്മിച്ചുനൽകുന്നത്. ഇടുക്കിയിലെ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാണ് തോമസ് ഉലഹന്നാനും കുടുംബവും. ഇവർക്ക് സുരക്ഷിതമായ വീട് നിർമ്മിക്കുന്നതിന് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ചെലവിൽ അഞ്ച് സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി. ഇതിന്റെ ആധാരം ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് തോമസ് ഉലഹന്നാന് കൈമാറി. ഈ സ്ഥലത്ത് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകാണ് ഗ്രൂപ്പിന്റെ തീരുമാനം. ഉടുമ്പന്നൂരിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി പുളിക്കൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സീതി, പഞ്ചായത്ത് മെമ്പർമാരായ ഷീല സുരേന്ദ്രൻ, നൈസി ഡാനിയേൽ, സുധീഷ് രാജേഷ് ഹലോ ഫ്രണ്ട്‌സ് വാട്സ്ആപ് ഗ്രൂപ്പിന്റെ കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന രാജേഷ് തോമസ്, പോൾസൺ മാത്യു എന്നിവർ പങ്കെടുത്തു. വാട്സ്ആപ് കൂട്ടായ്മയിലൂടെ ഒരു കുടുംബത്തിന് താങ്ങാകുന്നത് വേറിട്ട അനുഭവമാണെന്നും ഇതിനോട് സഹകരിച്ച എല്ലാവരും അനുമോദനമർഹിക്കുന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 'ഹലോ ഫ്രണ്ട്സ് " ഗവേണിംഗ് ബോഡി അംഗങ്ങളായ വിൻസെന്റ് പറയനിലം, ജോജോ വിച്ചാട്ട്, ജെയിംസ് തെക്കേമുറി, ജോസ് വാളാടിയിൽ എന്നിവരാണ് 'മലയിഞ്ചി പ്രോജക്ട്' എന്നപേരിൽ ഗ്രൂപ് ഏറ്റെടുത്തു നടത്തുന്ന ഉദ്യമത്തിനു നേതൃത്വം നൽകുന്നത്. ഈ സംരംഭത്തോട് സഹകരിച്ചുകൊണ്ടിരിക്കുന്ന 'ഹലോ ഫ്രണ്ട്സിന്റെ" എല്ലാ ഗവേണിംഗ് ബോഡി അംഗങ്ങളോടും ഗ്രൂപ്പ് മെമ്പർമാർക്കും അഡ്മിൻ ടോമി തൊണ്ടാംകുഴി നന്ദി പറഞ്ഞു.