ചെറുതോണി: ജില്ലയിലെ ദുരിത ബാധിതർക്ക് അർഹമായ സഹായം നിഷേധിച്ച് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് റോയി കെ പൗലോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ലോക്സഭാ കമ്മിറ്റി നടത്തിയ നടപ്പ്സമരത്തിന്റെ സമാപനം കളക്‌ട്രേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനദണ്ഡപ്രകാരം വീടുകളിൽ വെള്ളം കെട്ടിനിന്നവർക്ക് മാത്രമേ സഹായത്തിന് അർഹതയുള്ളൂവെന്നാണ് സർക്കാർ പറയുന്നത്. ജില്ലയിലെ ദുരന്തബാധിത മേഖലകളിൽ ഒരു മിനിട്ടു പോലും വെള്ളം കെട്ടിനിൽക്കില്ലെന്ന സാമാന്യ വിവരം പോലും ഈ മാനദണ്ഡങ്ങൾ ഉണ്ടാക്കിയ എം.എം. മണിക്ക് ഇല്ലാതെ പോയി. ഇടുക്കിയിലെ ദുരിത ബാധിതർക്ക് കൂടി സഹായം ലഭിക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ കഴിയാതെ പോയത് മന്ത്രിയും എം.പിയും അടക്കമുള്ള ഇടത് ജനപ്രതിനിധികളുടെ പരാജയമാണെന്നും റോയി കെ. പൗലോസ് പറഞ്ഞു. ഇത് രണ്ടാംഘട്ട സമരമാണെന്നും ദുരിതബാധിതർക്ക് അർഹമായ സഹായം ലഭ്യമാകുന്നത് വരെ യൂത്ത് കോൺഗ്രസ് ശക്തമായ തുടർപ്രക്ഷോഭങ്ങൾ നടത്തുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. സമാപനയോഗത്തിൽ ലോക്സഭാ പ്രസിഡന്റ് ബിജോ മാണി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.എസ്. ബേബി, ജോണി ചീരാംകുന്നേൽ, ജെയ്സൺ കെ. ആന്റണി, ജോസ് ഉൗരക്കാട്ടിൽ, റോയി കൊച്ചുപുര, അനീഷ് തോമസ്, അരുൺ കെ.എസ്, റോബിൻ കാരക്കാട്ടിൽ, മുകേഷ് മോഹൻ, പ്രശാന്ത് രാജു, ജോബി സി. ജോയി, ടി.എൻ. ബിജു, ഷിജോ തടത്തിൽ, നിക്സൺ ജോർജ്, മുനീർ സി.എം തുടങ്ങിയവർ പ്രസംഗിച്ചു.