തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കാൻ ശ്രമിക്കുന്ന സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും നിലവിലെ സാമുദായിക സംവരണത്തെ അട്ടിമറിക്കുന്നതാണെന്നും ദളിത് ഐക്യ സമിതി പറഞ്ഞു. സംവരണീയ സമുദായങ്ങളുടെ സംവരണാവകാശത്തെ ഇല്ലാതാക്കാനുള്ള നടപടികളിൽ ഇടത്,​ വലത്,​ എൻ.ഡി.എ മുന്നണികൾ ഏകാഭിപ്രായക്കാരാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് കീഴാള വിരുദ്ധതയിലും സവർണ പ്രീണനത്തിലും ഇവർക്ക് ഭിന്നാഭിപ്രായമില്ലെന്നാണ്. രാജ്യത്ത് സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടത് സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് കാരണമായ ജാതി മാനദണ്ഡമാക്കിയാണ്. ഇത് സാമ്പത്തിക മാനദണ്ഡമാക്കി പരിഗണിക്കുന്നതോടെ ഫലത്തിൽ നിലവിലെ സംവരണത്തെ അത് അപ്രസക്തമാക്കും. സമ്പത്ത് ഉള്ളവനും ഇല്ലാത്തവനും എന്ന നിലയിലല്ല കേരളത്തിലും ഇന്ത്യയിലും വിവേചനം നിലനിൽക്കുന്നത്. അത് ജാതി എന്ന കാരണത്താലാണ്. അതിനെ അട്ടിമറിക്കുന്ന ഏത് നീക്കവും ചെറുത്തു തോൽപ്പിക്കേണ്ടതാണ്. സംവരണം രൂപപ്പെടുത്തിയ ഘട്ടം മുതൽ അതിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും ഇന്ത്യയിൽ സജീവമായിരുന്നു. അതിന്റെ സമകാലീന അനുഭവമാണ് ഇപ്പോൾ നടക്കുന്നത്. ദളിത് ഐക്യ സമിതി 16ന് കോട്ടയത്ത് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സാമ്പത്തിക സംവരണം പിൻവലിക്കുക, കേരളാ അഡ്മിനിസ്‌ട്രേഷൻ സർവീസിൽ സംവരണം പാലിക്കുക, ദളിത് ക്രൈസ്തവരുടെ പട്ടിക ജാതി പദവി അംഗീകരിച്ച് ജനസംഖ്യാനുപാതികമായി പ്രത്യേക സംവരണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംവരണാവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിൻഷു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സജി പാമ്പാടി, പി.ഐ. ജോണി, ബെന്നി സാമുവൽ, എം.കെ. രാജപ്പൻ, കെ. സുനീഷ്, പി.ഐ. അപ്പു എന്നിവർ സംസാരിച്ചു.