വണ്ടിപ്പെരിയാർ: ദേശീയപണിമുടക്ക് പീരുമേട് തോട്ടം മേഖലകളിൽ പൂർണം. വൻകിട തേയില തോട്ടങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തേയില ഉത്പാദന ഫാക്ടറികളുടെ പ്രവർത്തനവും പൂർണമായും നിലച്ചു. വണ്ടിപ്പെരിയാർ, പാമ്പനാർ എന്നിവിടങ്ങളിൽ തോട്ടം തൊഴിലാളികൾ പ്രകടനം നടത്തി. പാമ്പനാർ, വണ്ടിപ്പെരിയാർ ഏലപ്പാറ, വാഗമൺ, ഉപ്പുതറ തുടങ്ങിയ മേഖലകളിലെ മുഴുവൻ തോട്ടങ്ങളും അടഞ്ഞുകിടന്നു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെ.എസ്.എസ്.പി.യു ധർണ നടത്തി. എം. പീരുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ. സന്തോഷ്, സി.ബി. വിജയകുമാർ, പി.എം. യൂസുഫ് എന്നിവർ നേതൃത്വം നൽകി. കടകമ്പോളങ്ങൾ ഭാഗികമായി തുറന്നെങ്കിലും വാഹന ഗതാഗതം ഇല്ലാത്തത് വ്യാപാര മേഖലയ്ക്കും തിരിച്ചടിയായി. ചെറുകിട തേയില, എലത്തോട്ടങ്ങളിൽ പണികൾ നടന്നു.