രാജാക്കാട്: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചു നൽകി വിദ്യാർത്ഥികൾ. രാജകുമാരി എൻ.എസ്.എസ് കോളജ് വിദ്യാർത്ഥികളായ യൂണിയൻ ചെയർമാൻ വി.എസ്. അരുൺകുമാർ, അമൽ വിനയൻ, മനു ഏലിയാസ് എന്നിവർക്ക് തിങ്കളാഴ്ച വൈകിട്ട് കുളപ്പാറച്ചാലിനു സമീപം റോഡിൽ നിന്ന് ഒരു തുണി സഞ്ചി ലഭിച്ചിരുന്നു. പരിശോധിച്ചപ്പോൾ ഉള്ളിൽ പണമാണെന്ന് മനസിലായി. ഇക്കാര്യം ഇവർ പഞ്ചായത്ത് അംഗം കെ.കെ .തങ്കച്ചനെ അറിയിച്ച ശേഷം സി.പി.എം രാജകുമാരി ലോക്കൽ കമ്മിറ്റി ഓഫിസിലെത്തിച്ചു. സഞ്ചിയിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ രേഖയിൽ നിന്ന് പുതുകിൽ സ്വദേശി രാമരാജിന്റെ പണമാണെന്ന് മനസിലായി. ഉടൻ തന്നെ സി.പി.എം രാജാക്കാട് ഏരിയാ സെക്രട്ടറി എം.എൻ. ഹരിക്കുട്ടൻ പുതുകിലെ പാർട്ടി പ്രവർത്തകരുമായി ബന്ധപ്പെട്ട് രാമരാജിനെ വിവരമറിയിച്ചു. ഇദ്ദേഹം രാജകുമാരിയിലെത്തി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികളിൽ നിന്ന് പണം തിരികെ വാങ്ങി. തിങ്കളാഴ്ച ഉച്ചയോടെ ഏലയ്ക്കാ വിറ്റ പണവുമായി സുഹൃത്തിനോടൊപ്പം ബൈക്കിൽ തമിഴ്നാട്ടിലേക്ക് പോകുമ്പോൾ കുളപ്പാറച്ചാലിൽ വച്ച് സഞ്ചി താഴെ വീഴുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം മനസിലായതോടെ തമിഴ്നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വച്ച് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾക്ക് വഴിയിൽ കിടന്ന് പണം ലഭിച്ചിട്ടുണ്ടെന്നറിയിച്ച് നേതാക്കൾ വിളിച്ചതെന്ന് രാമരാജ് പറഞ്ഞു.