ഇടുക്കി: കൈകൊണ്ട് വരച്ച 204 ലോക രാഷ്ട്രതലവന്മാരുടെ ചിത്രങ്ങളും നേതാക്കളുടെ ഭരണകാലഘട്ടവും വിവരിക്കുന്ന 'ലോകനേതാക്കൾ- 2016' എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. അബ്ദുൾ റസാഖ് സ്വന്തമായി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനമാണ് 17ന് രാവിലെ 10ന് അടിമാലി ടൗൺ ഹാളിൽ നടക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ സെമിനാറിനോടനുബന്ധിച്ചാണ് ചടങ്ങ് നടക്കുന്നത്. 148 പ്രസിഡന്റുമാർ ഉൾപ്പെടെ 204 നേതാക്കന്മാരുടെ ഓയിൽ പേസ്റ്റൽ ചിത്രങ്ങളും ഭരണ കാലയളവുമാണ് 64 പേജുള്ള പുസ്തകത്തിന്റെ ഉള്ളടക്കം. ആമുഖത്തിൽ മന്ത്രി എം.എം. മണി, അഡ്വ. ജോയ്‌സ് ജോർജ് എം.പി എന്നിവരുടെ സന്ദേശങ്ങൾക്കൊപ്പം ഇവരുടെ ചിത്രങ്ങളും വരച്ചാണ് ചേർത്തിട്ടുള്ളത്. ഇതൊരു തുടക്കമാണെന്നും ഓരോ വർഷവും പുസ്തകത്തിന്റെ തുടർ ലക്കങ്ങൾ പ്രസിദ്ധീകരിക്കുമെന്നും റസാഖ് പറഞ്ഞു. അടുത്തലക്കം മേയ് മാസത്തിനുള്ളിൽ 2017, 18 കാലഘട്ടങ്ങളിലെ നേതാക്കളുടെ ചിത്രവിവരണ ഗ്രന്ഥം പ്രസിദ്ധീകരിക്കും. 'കേരള നിയമസഭാംഗങ്ങൾ 2016', 'ചെ രക്തനക്ഷത്രം' തുടങ്ങിയ ചിത്രവിവരണ പുസ്തകങ്ങൾ റസാഖിന്റേതായി നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ലോക രാഷ്ട്രതലവന്മാരുടെ ആദ്യ പുസ്തകമാണിതെന്നും ചിത്രകാരനും ജനപ്രതിനിധിയുമായ കെ.എ അബ്ദുൾ റസാഖ് അവകാശപ്പെട്ടു.