അടിമാലി: ഈ വർഷത്തെ റോട്ടറി മിസ്റ്റർ ഇടുക്കി മിസ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് ഇന്ന് അടിമാലിയിൽ നടക്കും. സംസ്ഥാന സർക്കാരിന്റെയും കേരള സ്‌പോർട്സ് കൗൺസിലിന്റെയും അംഗീകാരത്തോടെയാണ് മത്സരം നടക്കുന്നത്. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള 250ഓളം ബോഡി ബിൽഡേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷത്തെ റോട്ടറി മിസ്റ്റർ ഇടുക്കി മിസ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പഞ്ചായത്ത് ഹാളിൽ നടക്കുന്ന മത്സരത്തിന് അടിമാലി ബോഡി ക്രാഫ്‌റ്റ് ഹെൽത്ത് ക്ലബ്ബും ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനും നേതൃത്വം നൽകും. വൈകിട്ട് മൂന്നരയ്ക്ക് ആരംഭിക്കുന്ന മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിസ്റ്റർ ഇടുക്കി സീനിയർ, ജൂനിയർ,സബ് ജൂനിയർ, മിസ് ഫിറ്റ്നസ്, മോഡൽ ഫിറ്റ്നസ്, മിസ്റ്റർ ഹാൻസം, മാസ്റ്റേഴ്സ് ഇടുക്കി, ഫിസിക്കലി ചലഞ്ചഡ് എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് അനസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എൽ. ജോസഫ്, മൂന്നാർ ഡി.വൈ.എസ്.പി സുനീഷ് ബാബു, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ്ജ് എന്നിവർ പങ്കെടുക്കും.