തൊടുപുഴ: പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച പി.ജെ. ജോസഫ് എം.എൽ.എയുടെ പരസ്യപ്രസ്താവനയ്ക്കെതിരെ തൊടുപുഴ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനപ്രതിനിധികൾ രംഗത്ത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ പരസ്യമായി അധിക്ഷേപിച്ച എം.എൽ.എ വസ്തുതകൾ മനസിലാക്കി പ്രസ്താവന പിൻവലിക്കണമെന്നും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, വൈസ് പ്രസിഡന്റ് പ്രിൻസി സോയി, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, കരിമണ്ണൂർ പഞ്ചായത്തംഗം സുകുകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയോജകമണ്ഡലത്തിലെ വിവിധ ചടങ്ങുകളുടെ ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട് എം.എൽ.എ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്. മുട്ടം കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ ആശുപത്രി കീമോതെറാപ്പി യൂണിറ്റ്, കരിമണ്ണൂർ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഉദ്ഘാടനങ്ങളിൽ എം.എൽ.എ പങ്കെടുത്തില്ല. തൊടുപുഴ നിയോജകമണ്ഡലത്തിൽ ആരോഗ്യവകുപ്പ് മന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ തന്നെ പരിഗണിച്ചില്ലെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നും അദ്ധ്യക്ഷൻ ആക്കിയില്ലെന്നുമാണ് സംഘാടകർക്കെതിരെ എം.എൽ.എ പരസ്യമായി പ്രതികരിച്ചത്. പൊതുചടങ്ങിൽ മന്ത്രിമാർ പങ്കെടുത്ത വേദിയിലായിരുന്നു പ്രതികരണം. എന്നാൽ എം.എൽ.എ.യുടെ വാദം ശരിയല്ലെന്നും അദ്ദേഹത്തിന് അർഹമായ പരിഗണന നൽകിയെന്നും പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നിശ്ചയിച്ചതെന്നുമാണ് സംഘാടകർ അവകാശപ്പെടുന്നത്. മുഖ്യാതിഥിയായാണ് എം.എൽ.എയെ ഉൾപ്പെടുത്തിയിരുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ ഒരു മന്ത്രി അദ്ധ്യക്ഷനാകണമെന്നാണ് പുതിയ വ്യവസ്ഥ. അതുകൊണ്ടാണ് കെ.കെ. ശൈലജ പങ്കെടുത്ത ചടങ്ങിൽ ഇടുക്കി ജില്ലക്കാരൻ കൂടിയായ എം.എം. മണിയെ അദ്ധ്യക്ഷനാക്കിയത്. ഇത്തരം കാര്യങ്ങളിൽ പിടിവാശി കാണിക്കുന്നതും പൊതുവേദിയിൽ പ്രതികരിക്കുന്നതും ജനപ്രതിനിധികൾക്ക് ചേർന്ന നടപടിയല്ല. തന്റെ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ വോട്ടു ചോദിക്കേണ്ട ആവശ്യമില്ലെന്നുള്ള പി.ജെ. ജോസഫിന്റെ പ്രസ്താവന ജനാധിപത്യ മര്യാദയുടെ ലംഘനവും വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ആശുപത്രികളുടെ വികസന പരിപാടികളിൽ എം.എൽ.എ പങ്കെടുക്കാതിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇവർ പറഞ്ഞു.