തൊടുപുഴ: ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യ മണിക്കൂറുകൾ തൊടുപുഴ നഗരത്തിൽ ഭാഗികം. കടകമ്പോളങ്ങൾ പതിവുപോലെ തുറന്നെങ്കിലും ഇടപാടുകാരില്ലാത്തതിനാൽ കാര്യമായ വ്യാപാരമൊന്നും നടന്നില്ല. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം ഓടിയെങ്കിലും പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ആട്ടോറിക്ഷകൾ പതിവുപോലെ സ്റ്റാന്റ് പിടിച്ച് സർവീസ് നടത്തിയില്ലെങ്കിലും തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. പൊതുജനങ്ങളും സർക്കാർ ജീവനക്കാരും എത്തില്ലെന്ന മുൻവിധിയോടെ ഹോട്ടലുകളിൽ ഏറെയും അടഞ്ഞുകിടന്നു. നിർബന്ധിച്ച് കടയടപ്പിക്കാനോ വാഹനം തടയാനോ സമരാനുകൂലികൾ രംഗത്തിറങ്ങിയില്ല. മിനി സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ സർക്കാർ ഓഫീസുകൾ ഏതാണ്ട് പൂർണമായും അടഞ്ഞുകിടന്നു. പച്ചക്കറി, പഴവർഗ വ്യാപാരികളെ 48 മണിക്കൂർ പണിമുടക്ക് സാരമായി ബാധിച്ചു.