തൊടുപുഴ: സാമ്പത്തിക സംവരണം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹ്യനീതിയാണ്. അത് നടപ്പിലാക്കാൻ രാഷ്ട്രീയം മറന്ന് കേന്ദ്രസർക്കാരിനോട് എല്ലാവരും സഹകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനം അഭിനന്ദനീയമാണ്. പിന്നാക്കാവസ്ഥയിലുള്ളവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാനാണ് സംവരണ സംവിധാനം. കാലാകാലങ്ങളിൽ പിന്നാക്കാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ പരിഗണിച്ച് സംവരണങ്ങളിൽ സാമൂഹ്യനീതി നടപ്പിലാക്കേണ്ടതുണ്ട്. ഭരണഘടന എല്ലാ ജനങ്ങളുടെയും ഉന്നമനം വിഭാവനം ചെയ്യുന്നതിനാൽ ദൈനംദിന ജീവിതം ബുദ്ധിമുട്ടിലായിട്ടുള്ള മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് സംവരണം നൽകുന്നതിൽ എല്ലാ വിഭാഗത്തിൽ നിന്നും അനുഭാവപൂർവ്വമായ സമീപനമുണ്ടാകണമെന്നും പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു. കാലാകാലങ്ങളായി കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെടുന്ന സാമ്പത്തിക സംവരണം ഉടൻ യാഥാർത്ഥ്യമാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.