ഇടുക്കി : പ്രളയ ദുരിതാശ്വാസ വിതരണത്തിന് കാലതാമസം നേരിടുന്നതിനെതിരെ 12ന് 57 കേന്ദ്രങ്ങളിൽ അഞ്ച് മിനിട്ട് ചക്രസ്തംഭന സമരം നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. വൈകിട്ട് അഞ്ച് മുതൽ 5.05 വരെയാണ് പ്രതീകാത്മകമായി വഴി തടയുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ജില്ലയിലെ നൂറുകണക്കിന് പ്രളയദുരന്ത ബാധിതർക്കുള്ള ആശ്വാസ നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപെട്ടാണ് പ്രക്ഷോഭം. മഹാപ്രളയത്തിനു ശേഷം ആറ് മാസം പിന്നിട്ടിട്ടും ജില്ലയിലെ റോഡുകൾ നന്നാക്കിയില്ല. വീടുകൾ പൂർണമായും ഭാഗികമായും തകർന്നവരെ കണ്ടെത്തുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ അശാസ്ത്രീയമാണ്. ഉരുൾപൊട്ടലിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി നൽകുക, പട്ടയ ഭൂമി ഉള്ളവർക്ക് മാത്രം പ്രളയ ആനുകൂല്യങ്ങൾ നൽകൂവെന്ന ഉത്തരവ് തിരുത്തുക, കച്ചവടക്കാർക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പലിശരഹിത വായ്പ നൽകുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിറുത്തിവെയ്ക്കുക, കർഷകരുടെ വിവിധ വായ്പകൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 12ന് പ്രതീകാത്മകമായി വഴിതടയുന്നത്. പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതെ അഞ്ച് മിനുട്ട് മാത്രം വഴിതടഞ്ഞതാണ് സമരം നടത്തുന്നതെന്നും ജില്ലയിലെ ജനങ്ങൾ സമരവുമായി സഹകരിക്കണമെന്നും ഡി.സി.സി അഭ്യർത്ഥിച്ചു. 57 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളാണ് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരത്തിന് നേതൃത്വം നൽകുന്നത്.