kk
വാഗമണ്ണിലെ മൊട്ടക്കുന്നിലുണ്ടായ കാട്ടുതീ

പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിൽ രണ്ടു ദിവസമായി പടർന്നു പിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് മൊട്ടക്കുന്നിന് തീ പടർന്നുപിടിച്ചത്. ഡി.ടി.ഡി.സി ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്ത് എത്തി തീ കെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൈൻകാർഡുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും തീ പടരാതിരിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടയിൽ 50 ഏക്കർ മൊട്ടക്കുന്നുകൾ കത്തിനശിച്ചതായാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറയുന്നത്. ആരെങ്കിലും മനഃപൂർവം തീയിട്ടതാണോയെന്നും സംശയമുണ്ട്. കനത്ത കാറ്റു വീശുന്നതിനാൽ മേഖലയിൽ തീ അതിവേഗം വ്യാപിച്ചു. ചെങ്കുത്തായ പ്രദേശമായതിനാൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് മലഞ്ചെരുവിലേയ്ക്ക് ഇറങ്ങുന്നതിനു തടസങ്ങൾ നേരിട്ടു. വാഹനം ഈ ഭാഗത്തേയ്ക്ക് എത്തിക്കുന്നതിനു കഴിയാതെ വന്നതാണ് കൂടുതൽ മൊട്ടക്കുന്നുകൾ കത്തിനശിക്കാനുണ്ടായ കാരണം.